.jpg?$p=09e9aed&f=16x10&w=856&q=0.8)
കെ.വി.തോമസ് | ഫോട്ടോ: മാതൃഭൂമി
കൊച്ചി: പാർട്ടിയിൽ അർഹതയുള്ളത് മാത്രമാണ് ചോദിച്ചിട്ടുള്ളതെന്നും അർഹത ഇല്ലാത്തത് ചോദിച്ചിട്ടില്ലെന്നും കെ വി. തോമസ്. ഏഴ്പ്രവാശ്യം ജയിച്ചത് തെറ്റാണോ? ലോക്സഭാ തിരഞ്ഞെടുപ്പിൽ 77, 78 വയസുള്ളവർക്ക് വരെ സീറ്റ് കൊടുത്തു.
അതേസമയം സീതാറാം യെച്ചൂരിയുമായി മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായിട്ട് നല്ല ബന്ധമാണുള്ളതെന്നും കെവി തോമസ്. എപ്പോൾ ചെന്നാലും അദ്ദേഹത്തെ കാണാൻ സാധിക്കുമെന്നും കെവി തോമസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഇത്രയും തിരക്കുള്ള സോണിയാ ഗാന്ധി എപ്പോൾ ഫോൺ വിളിച്ചാൽ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യെച്ചൂരിയുമായിട്ടുള്ള വൈകാരിക ബന്ധം കാരണമാണോ സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസ് സെമിനാറിൽ നിന്ന് പിന്മാറാൻ സാധിക്കാത്തത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സി.പി.എം പാർട്ടി കോൺഗ്രസിൽ നടക്കുന്നത് പ്രധാനപ്പെട്ട ഒരു ചർച്ചയാണ്. ആ ചർച്ചയിൽ നിന്നും മാറി നിൽക്കണമെന്ന് പറഞ്ഞത് എന്തിനെന്ന് മനസ്സിലാകുന്നില്ല. തനിക്കെതിരെ ഭീഷണിയുടെ സ്വരം ഉയർത്തിയവർ സുഹൃത്തുക്കളാണ്. ഇന്നു രാവിലേയും സംസാരിച്ച ആളുകളാണ് ഭീഷണി ഉയർത്തിയത്. ഞാൻ ജനിച്ചത് കോൺഗ്രസ് കുടുംബത്തിലാണ്. വളർന്നത് കോൺഗ്രസ് ഗ്രാമത്തിലാണ്. അധ്യാപകർ കോൺഗ്രസുകാരാണ്. കോൺഗ്രസുകാരനായിരിക്കാൻ മെമ്പർഷിപ്പിന്റെ ആവശ്യമില്ലെന്നും കെ വി തോമസ് പറഞ്ഞു. കോൺഗ്രസ് തന്റെ വീടാണെന്നും വീട്ടിൽ നിന്ന് പുറത്തു പോകാൻ ആർക്കെങ്കിലും പറയാൻ പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു.
2019ലെ തിരഞ്ഞെടുപ്പിൽ തന്നെ പരിഗണിക്കാത്തതിൽ സങ്കടമില്ല. എന്നാൽ ടിവിയിൽ കണ്ടാണോ പരിഗണിച്ചിട്ടില്ല എന്ന കാര്യം അറിയേണ്ടത് എന്നും അദ്ദേഹം ചോദിച്ചു.
Also Read
ഗോവൻ തിരഞ്ഞെടുപ്പ് ചുമതല നോക്കണമെന്ന് നേതൃത്വം പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അത് ചിദംബരത്തേയാണ് ഏൽപ്പിച്ചത്. അതിൽ പരിഭവമില്ല. പക്ഷെ വർക്കിങ് പ്രസിഡന്റ് സ്ഥാനം തന്നിട്ടും എന്നെ മാത്രം എന്തിനാ മാറ്റിയത് എന്ന് ചോദിച്ചു. മൂന്ന് വർക്കിങ് പ്രസിഡന്റുമാരിൽ സുധാകരൻ കെപിസിസി പ്രസിഡന്റായി, കൊടിക്കുന്നിൽ ഇപ്പോഴും തുടരുന്നു. എന്നെ മാത്രം എന്തിന് മാറ്റി? എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന ചോദ്യമാണ് എനിക്കുള്ളത്. അർഹതയുള്ളതാണ് ചോദിക്കുന്നത്. അർഹത ഇല്ലാത്തത് ചോദിക്കുന്നില്ലാല്ലോ? എല്ലാവർക്കും ഒരു മാനദണ്ഡം വേണ്ടേ? ഏഴ്പ്രവാശ്യം ജയിച്ചു തെറ്റാണോ? ലോക്സഭാ തിരഞ്ഞെടുപ്പിൽ 77, 78 വയസുള്ളവർക്ക് വരെ കൊടുത്തു. എനിക്ക് 73 ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഡി സതീശനും രമേശ് ചെന്നിത്തലക്കും എത്ര വ്യത്യാസമാണുള്ളത്? വയസ് എനിക്ക് മാത്രമാണോ മാനദണ്ഡമെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം കോൺഗ്രസിനകത്തുള്ള ഗൂഢാലോചനയായിരുന്നു ചാരക്കേസെന്നും കെവി തോമസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
രാഹുൽ ഗാന്ധി സി.പി.എമ്മിന് പ്രചാരണം നടത്തിയത് എന്തു കൊണ്ടാണ്? എന്തിനാണ് മദ്രാസിൽ സ്റ്റാലിനും രാഹുൽ ഗാന്ധിയും പിണറായിയും ഒന്നിച്ചത്? ഇതിന് മുമ്പ് സി.പി.എമ്മിന്റെ എത്രയോ സെമിനാറുകളിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിട്ടുണ്ട്. ഇതൊരു പുതിയ സംഭവമാണോ?
ഇനി ഒരു പാർലമെന്ററി ലൈഫിനില്ല എന്ന് നേരത്തെ തന്നെ ഉറപ്പിച്ചു പറഞ്ഞതാ. ഇനി ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല. ഞാൻ പറഞ്ഞാൽ പറഞ്ഞതാ. ഇന്നെടുത്ത തീരുമാനമല്ല, നേരത്തെ തന്നെ എടുത്ത തീരുമാനമാണ്. എഴുത്തും സാമൂഹിക പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും കെവി തോമസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..