തിരുവനന്തപുരം: നിര്‍ത്തിവെച്ച ശബരിമല മേല്‍ശാന്തി അഭിമുഖ പരീക്ഷ കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പുനരാരംഭിച്ചു. അഭിമുഖം നടത്താനുള്ള ബോര്‍ഡില്‍ തന്നെയും ഉള്‍പ്പെടുത്തണം എന്ന കണ്ഠര് മോഹനരരുടെ ആവശ്യത്തെ തുടര്‍ന്നായിരുന്നു അഭിമുഖ പരീക്ഷ നിര്‍ത്തി വെച്ചിരുന്നത്. എന്നാല്‍ നിലവിലെ രീതി തുടരാനുള്ള ഹൈക്കോടതി നിര്‍ദേശം വന്നതിനെ തുടര്‍ന്ന് പരീക്ഷ പുനരാരംഭിക്കുകയായിരുന്നു.

തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്താണ് ശബരിമല മേല്‍ശാന്തി നറുക്കെടുപ്പിന് മുന്നോടിയായുള്ള അഭിമുഖ പരീക്ഷ നടന്നിരുന്നത്. രാവിലെ മുതല്‍ അഭിമുഖത്തില്‍ പങ്കെടുക്കാനായി എണ്‍പതോളം മേല്‍ശാന്തിമാര്‍ എത്തിയിരുന്നു. അഭിമുഖത്തിനായുള്ള ബോര്‍ഡില്‍ തന്ത്രി കുടുംബത്തില്‍ നിന്ന് കണ്ഠര് രാജീവരെയും കണ്ഠര് മോഹനരരുടെ മകനായ മഹേഷ് മോഹനരെയുമായിരുന്നു. എന്നാല്‍ മഹേഷ് മോഹനര്‍ അഭിമുഖത്തിന് എത്തിയിരുന്നില്ല.

കണ്ഠര് മോഹനരരര്‍ക്ക് എതിരെ 2006ല്‍ ഉണ്ടായ കേസിനെ തുടര്‍ന്ന് തന്ത്രി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റിയിരുന്നു. അതിനാലാണ് കണ്ഠര് മോഹനരര്‍ക്ക് പകരം മഹേഷ് മോഹനരെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത്. പിന്നീട് മഹേഷ് മോഹനര്‍ അച്ഛനെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് കത്ത് നല്‍കുകയായിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശം ഉണ്ടായാല്‍ മാത്രമേ ഈ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കഴിയു എന്ന നിലപാട് ദേവസ്വം ബോര്‍ഡ് എടുത്തതിനെ തുടര്‍ന്ന് അഭിമുഖം മുടങ്ങുകയായിരുന്നു.

തുടര്‍ന്ന് നിലവിലെ സ്ഥിതി തുടരാന്‍ ഹൈക്കോടതി നിര്‍ദേശം എത്തുകയായിരുന്നു. ബോര്‍ഡില്‍ അഭിമുഖത്തിന് സന്നദ്ധരായവരെ ഉള്‍പ്പെടുത്തി അഭിമുഖം തുടരാനും കോടതി നിര്‍ദേശിച്ചു. ഇതിനെ തുടര്‍ന്നാണ് അഭിമുഖം പുനരാരംഭിച്ചത്. മഹേഷ് മോഹനര് ഇല്ലാതെയാണ് അഭിമുഖം പുനരാരംഭിച്ചത്.