
കേരള നിയമസഭ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ ആവശ്യപ്പെട്ട നടപടിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടാന്‍ നിയമസഭാ എത്തിക്സ് കമ്മിറ്റിയുടെ തീരുമാനം. ലൈഫ് മിഷന്റെ രേഖകള്‍ ആവശ്യപ്പെട്ടത് അവകാശ ലംഘനമാണെന്ന് സി.പി.എം എം.എല്‍.എ ജെയിംസ് മാത്യു സ്പീക്കര്‍ക്ക് നല്കിയ പരാതിയിലാണ് നടപടി. ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ലൈഫ് മിഷനില്‍ പരാതി വന്നിരിക്കുന്നതും അഴിമതി ആരോപണം ഉയര്‍ന്നിരിക്കുന്നതും വടക്കാഞ്ചേരിയിലെ പദ്ധതിയുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ സംസ്ഥാനത്തൊട്ടാകെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയുന്ന രീതിയിലാണ് ഇ.ഡിയുടെ ഇടപെടല്‍. ലൈഫ് മിഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി സംസ്ഥാനത്തെങ്ങുമുള്ള ലൈഫ് പദ്ധതികളുടെ വിവരങ്ങള്‍ ആരായുകയാണ് ഇ.ഡി ചെയ്യുന്നതെന്ന് ജെയിംസ് മാത്യുവിന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നിയമസഭയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നല്കിയ ഉറപ്പ് സമയബന്ധിതമായി ഭവനപദ്ധതികള്‍ പൂര്‍ത്തിയാക്കി അര്‍ഹരായവര്‍ക്ക് കൈമാറുമെന്നാണ്. എന്നാല്‍ ഇത് പോലും പാലിക്കാന്‍ അനുവദിക്കാത്ത തരത്തിലാണ് കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍. ഇത്തരത്തില്‍ മുന്നോട്ടുപോവുന്നത് ശരിയല്ലെന്നും അത് നിയമസഭയ്ക്ക് നല്കിയ ഉറപ്പ് പാലിക്കുന്നതില്‍ വീഴ്ചയ്ക്ക് കാരണമാവുകയും ചെയ്യും. അതിനാല്‍ ഈ വിഷയം അടിയന്തരമായി പരിശോധിക്കണമെന്ന് ജെയിംസ് മാത്യു എംഎല്‍എ സ്പീക്കര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു.
ജയിംസ് മാത്യുവിന്റെ നോട്ടീസ് ഇന്ന് ഉച്ചയ്ക്ക് ചേര്‍ന്ന പ്രിവിലേജസ് ആന്‍ഡ് എത്തിക്സ് കമ്മിറ്റി പരിശോധിച്ചു. തുടര്‍ന്നാണ് ഇതു സംബന്ധിച്ച് ഇഡിയില്‍നിന്ന് വിശദീകരണം തേടാന്‍ തീരുമാനിച്ചത്. കേന്ദ്ര ഏജന്‍സിയോട് നിയമസഭാ എത്തിക്സ് കമ്മിറ്റി വിശദീകരണം ചോദിക്കുന്നത് അപൂര്‍വമായ നടപടിയാണ്. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ ഇഡി ഉദ്യോഗസ്ഥര്‍ക്ക് വിശദീകരണം നല്കാന് കഴിയില്ല. അതിനാല്‍ ഇത് എത്രമാത്രം പ്രായോഗികമാകും എന്നത് സംശയകരമാണ്.
Content Highlights: Intervention in Life Mission: Legislative Ethics Committee will seek explanation from ED
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..