കോട്ടയം: കേരള കോണ്‍ഗ്രസില്‍ മാണിവിഭാഗത്തിന്റെ പടയൊരുക്കം. ജോസ് കെ. മാണിയെ പാര്‍ട്ടിയുടെ ചെയര്‍മാനാക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം രംഗത്തെത്തി. ഒമ്പത് ജില്ലാ പ്രസിഡന്റുമാര്‍ ഇക്കാര്യം ആവശ്യപ്പെട്ട് ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസുമായി കൂടിക്കാഴ്ച നടത്തി. 

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവെന്ന നിലയില്‍ പി.ജെ. ജോസഫിന് ചെയര്‍മാന്‍ സ്ഥാനം ലഭിക്കണമെന്നായിരുന്നു മറുവിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ ഈ നീക്കങ്ങള്‍ മുന്നില്‍ക്കണ്ടാണ് മാണി വിഭാഗം കരുനീക്കങ്ങള്‍ ആരംഭിച്ചത്. ജോസ് കെ. മാണിയെ ചെയര്‍മാനാക്കി, സി.എഫ്. തോമസിനെ പാര്‍ലമെന്റി നേതൃസ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതിലൂടെ പാര്‍ട്ടിയില്‍ മാണി വിഭാഗത്തിന്റെ ആധിപത്യം ഉറപ്പിക്കാനാകുമെന്നും ഇവര്‍ കരുതുന്നു. 

മുതിര്‍ന്ന നേതാവായ പി.ജെ. ജോസഫിനെ വിമര്‍ശിച്ച് കഴിഞ്ഞദിവസം പാര്‍ട്ടി മുഖപത്രമായ പ്രതിച്ഛായയില്‍ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മാണി വിഭാഗം പാര്‍ട്ടിക്കുള്ളില്‍ പിടിമുറുക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കിയത്. ചെയര്‍മാന്‍ സ്ഥാനം, പാര്‍ലമെന്ററി നേതൃസ്ഥാനം എന്നിവ ഒരുകാരണവശാലും വിട്ടുകൊടുക്കാനാകില്ലെന്നാണ് മാണി വിഭാഗത്തിന്റെ നിലപാട്.

അതേസമയം, ഇക്കാര്യത്തില്‍ പി.ജെ. ജോസഫ് എന്തുനിലപാട് സ്വീകരിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. മെയ് 17-ന് ശേഷം കേരള കോണ്‍ഗ്രസ് യോഗങ്ങള്‍ നടക്കാനിരിക്കെ ജോസഫ് വിഭാഗം നിലപാട് കടുപ്പിച്ചാല്‍ പാര്‍ട്ടിയിലെ പ്രതിസന്ധി രൂക്ഷമായേക്കുമെന്നാണ് സൂചന. 

Content Highlights: internal conflict in kerala congress m, mani fraction needs jose k mani as party chairman