കൊച്ചി: യാക്കോബായ സഭയില്‍ ആഭ്യന്തര കലഹത്തെ തുടര്‍ന്ന് സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ രാജിക്കൊരുങ്ങി. ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പാത്രയാര്‍ക്കീസ് ബാവയ്ക്ക്‌ രാജി സന്നദ്ധത അറിയിച്ചു കൊണ്ടുള്ള കത്ത് നല്‍കി. കത്തില്‍ പുതിയ ഭരണ സമിതി തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന്  ആരോപിക്കുന്നുണ്ട്. ബാവ പാത്രയാര്‍ക്കീസിന് അയച്ച കത്ത് മാതൃഭൂമിക്ക് ലഭിച്ചു.

മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി സ്ഥാനത്ത് നിന്നും കാതോലിക്ക ബാവയുടെ ചുമതയലയില്‍ നിന്നും ഒഴിവാക്കണമെന്നും ബാവ കത്തില്‍ ആവശ്യപ്പെടുന്നു. ഏതാനം മാസങ്ങള്‍ക്ക് മുന്‍പാണ് യാക്കോബായ സഭയില്‍ പുതിയ ഭരണസമിതി അധികാരത്തിലെത്തിയത്. ഈ സമിതിയും ബാവയും തമ്മില്‍ കടുത്ത തര്‍ക്കം നിലനിന്നിരുന്നു. 

സഭയില്‍ നടക്കുന്ന ധനശേഖരണത്തെക്കുറിച്ച് സഭാ അധ്യക്ഷനെതിരെ സമൂഹമാധ്യമങ്ങളിലൂടെ ഇവര്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് ആരോപണം. തന്റെ പേരില്‍ സ്വത്തുക്കളൊന്നുമില്ലെന്നും എല്ലാ സ്വത്തുക്കളും സഭയ്ക്ക് കൈമാറിയിട്ടുണ്ടെന്നും തോമസ് പ്രഥമന്‍ ബാവ ദമാസ്‌കസിലേക്കയച്ച കത്തില്‍ പറയുന്നു. 

അങ്കമാലി മെത്രാനായി തുടരാന്‍ താന്‍ ഒരുക്കമാണെന്നും തോമസ് പ്രഥമന്‍ ബാവയുടെ കത്തില്‍ പറയുന്നു. പാത്രീയാര്‍ക്കീസ് ബാവ അടുത്തമാസം കേരളത്തിലെത്താനിരിക്കെയാണ് സഭയില്‍ ഈ സംഭവവികാസങ്ങളുണ്ടായിരിക്കുന്നത്.