തിരുവനന്തപുരം: ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കുന്നത് സംബന്ധിച്ച സംസ്ഥാനത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ഇന്നു തന്നെ കേന്ദ്രത്തെ അറിയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ല വിട്ടുള്ള ബസ് സര്‍വീസുകളും അന്തര്‍ സംസ്ഥാന ട്രെയിന്‍ സര്‍വീസുകളും തുടങ്ങാന്‍ സമയമായില്ലെന്ന് കേന്ദ്രത്തെ അറിയിക്കുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേനത്തില്‍ അറിയിച്ചു. പതിനഞ്ചാം തീയതിക്കകം സംസ്ഥാനങ്ങളുടെ അഭിപ്രായം അറിയിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.

ജില്ലയ്ക്കകത്ത് ബസ് സര്‍വീസ് ആകാമെന്നാണ്‌ സംസ്ഥാനത്തിന്റെ നിലപാട്. യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തുകയും കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തേണ്ടി വരുന്നതിനാല്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കേണ്ടിവരും. സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ പെര്‍മിറ്റ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ നേരിടേണ്ടിവരും. 

സംസ്ഥാനത്തിനുള്ളില്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് അനുവദിക്കണമെന്ന് സംസ്ഥാനം  ആവശ്യപ്പെടും. കര്‍ശന സുരക്ഷയോടെ  മെട്രോ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കണമെന്നുംആവശ്യപ്പെടും. മുംബൈ, അഹമ്മദാബാദ്, ഡല്‍ഹി, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു നഗരങ്ങളില്‍നിന്ന് നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍ സര്‍വീസ് തുടങ്ങണമെന്നും സംസ്ഥാനം ആവശ്യപ്പെടും. 

വ്യവസായ -  വ്യാപാര പ്രവര്‍ത്തനം കണ്ടെയ്ന്‍മെന്റ് സോണുകളി ഒഴികെ ഗ്രാമ -  നഗര വ്യത്യാസംകൂടാതെ അനുവദിക്കണമെന്ന് ആവശ്യപ്പെടും. ഹോസ്പിറ്റാലിറ്റി സേവനങ്ങളും അനുവദിക്കണമെന്ന് ആവശ്യപ്പെടും. അകലം പാലിച്ചുകൊണ്ട് റെസ്റ്റോറന്റുകളുടെ പ്രവര്‍ത്തനവും കര്‍ശന സുരക്ഷയോടെ ഓട്ടോറിക്ഷകളും അനുവദിക്കണം. ഓട്ടോറിക്ഷയില്‍ ഒരാളെ മാത്രം അനുവദിക്കും. കുടുംബാംഗങ്ങളാണ് സഞ്ചരിക്കുന്നതെങ്കില്‍ ഇളവാകാം. 

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കും. മഴയ്ക്കുമുമ്പ് കഴിയുന്നത്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. തൊഴിലുറപ്പ് പദ്ധതി കാര്‍ഷികവൃത്തിക്കും ബാധകമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി  വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ കൂടുതല്‍ വിവരങ്ങള്‍ക്ക് Click

Content  Highlights:  Inter-state train services and inter-district bus services can't start now - CM