തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പുക്കാനാണെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് 2020-ല്‍ തന്നെ കേരള പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നല്‍കിയിരുന്നതായി വിവരം. ഡിജിപി ആയിരുന്ന ലോക്‌നാഥ് ബെഹറയും എഡിജിപി ആയിരുന്ന മനോജ് എബ്രഹാമും മോന്‍സണിന്റെ വീട്ടില്‍ സന്ദര്‍ശനം  നടത്തിയിരുന്നു. ഇതിന് ശേഷമാണ് മനോജ് എബ്രഹാം ഒരു രഹസ്യാന്വേഷണം നടത്താന്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. ഈ അന്വേഷണ റിപ്പോര്‍ട്ടാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

മോന്‍സണിന്റെ ഇടപാടുകളില്‍ വലിയ ദുരൂഹതയുണ്ട്. ഉന്നതരായ ഒട്ടേറെ പേരുമായി ഇയാള്‍ ബന്ധംപുലര്‍ത്തുന്നു. പുരാവസ്തുക്കളാണ് ഇയാളുടെ പ്രധാന ബിസിനസ്. ഇതിന്റെ വില്‍പനക്കും കൈമാറ്റത്തിനും മറ്റും കൃത്യമായ ലൈസന്‍സ് ഉണ്ടോ എന്നത് സംശയമാണെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദേശത്തടക്കം ഇയാള്‍ക്ക് സാമ്പത്തിക ഇടപാടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. മോന്‍സണിന്റെ പിതാവ് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗത്തിലിരിക്കെ പിതാവ് മരണപ്പെട്ടതിനെ തുടര്‍ന്ന് മോന്‍സണിന്റെ സഹോദരനാണ് പിന്നീട് ഈ ജോലി ലഭിച്ചത്. പ്രൈമറി വിദ്യാഭ്യാസം മാത്രമാണ് ഉള്ളതെന്നും കന്യാസ്ത്രീ ആയിരുന്ന യുവതിയെ ആണ് വിവാഹം ചെയ്തതെന്നുമടക്കം റിപ്പോര്‍ട്ടിലുണ്ട്.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവി എന്‍ഫോഴ്‌സമെന്റിനോട് അന്വേഷണം ആവശ്യപ്പെട്ട് കത്തെഴുതിയതും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ സംസ്ഥാന പോലീസോ ഇഡിയോ ഇത് സംബന്ധിച്ച് ഏതെങ്കിലും അന്വേഷണം നടത്തിയതായി വ്യക്തതയില്ല.