വീണാ ജോർജ് | File Photo: Mathrubhumi
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറുതായി കൂടിവരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ എല്ലാ ജില്ലകള്‍ക്കും നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രമേഹം, രക്താദിമര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരും, പ്രായമായവരും, ഗര്‍ഭിണികളും, കുട്ടികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മാസ്‌ക് കൃത്യമായി ധരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇവര്‍ കോവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന നടത്തണം. ആശുപത്രികളിലും മാസ്‌ക് നിര്‍ബന്ധമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് മുന്നില്‍ കണ്ടുള്ള സര്‍ജ് പ്ലാനുകള്‍ എല്ലാ ജില്ലകളും തയ്യാറാക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ മുമ്പത്തെപ്പോലെ കൃത്യമായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യണം. ആര്‍സിസി, എംസിസി, ശ്രീചിത്ര, സ്വകാര്യ ആശുപത്രികള്‍ എന്നിവര്‍ കോവിഡ് രോഗികള്‍ക്കായി പ്രത്യേകമായി കിടക്കകള്‍ മാറ്റിവയ്ക്കണം. ആവശ്യകത മുന്നില്‍ കണ്ട് പരിശോധനാ കിറ്റുകള്‍, സുരക്ഷാ സാമഗ്രികള്‍ എന്നിവ സജ്ജമാക്കാന്‍ കെ.എം.എസ്.സി.എല്ലിന് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് സജ്ജമായ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കോവിഡ് രോഗികളെ പ്രവേശിപ്പിച്ച് ചികിത്സ നല്‍കണം. പൂര്‍ത്തിയാക്കാനുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് ഫെബ്രുവരിയില്‍ കേസുകള്‍ കുറവായിരുന്നു. എന്നാല്‍ മാര്‍ച്ച് മാസത്തോടെയാണ് കേസുകളില്‍ നേരിയ വര്‍ധനവുണ്ടായത്. ഇന്ന് 765 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍. മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസം പാടില്ല. ജനിതക പരിശോധനയ്ക്ക് അയച്ചതില്‍ കൂടുതലും ഒമിക്രോണാണ് കണ്ടെത്തിയിട്ടുള്ളത്. ജനിതക പരിശോധന വര്‍ധിപ്പിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. കോവിഡ് സ്ഥിതി വിലയിരുത്തുന്നതിന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗവും ചേര്‍ന്നിരുന്നു.
Content Highlights: instruction to all districts for strengthen covid resistance
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..