കോട്ടയം : കാഞ്ഞിരപ്പള്ളിക്ക് പകരം പൂഞ്ഞാര്‍ സീറ്റ് സിപിഐക്ക് നല്‍കിയുള്ള സിപിഎം ഫോര്‍മുല സിപിഐ അംഗകരിച്ചേക്കും. സിപിഐ സംസ്ഥാന നേതൃത്വം ഈ നിര്‍ദേശം ഗൗരവമായി പരിഗണിക്കുകയാണ്. അന്തിമ തീരുമാനം വൈകാതെയുണ്ടാകും. സിറ്റിങ് സീറ്റായതിനാല്‍ കാഞ്ഞിരപ്പള്ളി കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന് തന്നെ നല്‍കാന്‍ സിപിഎം തത്വത്തില്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

കാഞ്ഞിരപ്പള്ളിക്ക് പകരം ജില്ലയിലെ പല സീറ്റുകള്‍ പരിഗണിച്ചെങ്കിലും ഏറ്റവും ഒടുവില്‍ പൂഞ്ഞാര്‍ സിപിഐക്ക് വിട്ടു നല്‍കാനാണ് സിപിഎമ്മില്‍ ധാരണയായിരിക്കുന്നത്. ജോസ്.കെ മാണിയുടെ വരവ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്‌തെന്ന എല്‍ഡിഎഫ് വിലയിരുത്തലാണ് കാര്യങ്ങള്‍ കേരള കോണ്‍ഗ്രസിന് കൂടുതല്‍ അനുകൂലമാക്കിയത്. 

എന്‍സിപിയുടെ സിറ്റിങ് സീറ്റായ പാലാ ജോസ് വിഭാഗത്തിന് തന്നെ ലഭിക്കും. അവിടെ രാജ്യസഭാംഗത്വം രാജിവച്ചെത്തുന്ന ജോസ്.കെ മാണി തന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് എല്ലാ സാധ്യതയും. ഇതോടെ എന്‍സിപി പൂര്‍ണമായോ ഭാഗികമായി മുന്നണി വിടാനും പിരിഞ്ഞുപോകുന്ന വിഭാഗം യുഡിഎഫിലെത്താനും വഴിയൊരുങ്ങി. ജോസ് രാജിവെക്കുന്ന രാജ്യസഭാ സീറ്റ് പകരം നല്‍കാമെന്ന വാഗ്ദാനം മാണി സി. കാപ്പന്‍ സ്വീകരിച്ചിട്ടില്ല. പാലാ അല്ലാതെ മറ്റൊരു സീറ്റെന്ന നിര്‍ദേശവും അദ്ദേഹം അംഗീകരിച്ചിട്ടില്ല.

അങ്ങനെയെങ്കില്‍ മാണി സി കാപ്പന്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി എന്‍സിപി ടിക്കറ്റില്‍ മത്സരിക്കുന്നതിലേക്കും കാര്യങ്ങള്‍ നീങ്ങും. എന്‍സിപിയില്‍ തന്നെ ശശീന്ദ്രന്‍ വിഭാഗം എല്‍ഡിഎഫ് വിടുന്നതിനോട് യോജിക്കുന്നില്ല.  യുഡിഎഫിലേക്ക് പോയാല്‍ സിറ്റിങ് സീറ്റുകളില്‍ വിജയിക്കാന്‍ കഴിയുമോ എന്ന ആശങ്കയാണ് ശശീന്ദ്രന്‍ വിഭാഗം പങ്കുവെക്കുന്നത്‌. ഇതാണ് തീരുമാനം വൈകിക്കുന്നത്. മിക്കവാറും ബജറ്റ് സമ്മേളനത്തിന് ശേഷം ശരദ് പവാറായിരിക്കും പ്രഖ്യാപനം നടത്തുക. എന്‍സിപിയില്‍ പിളര്‍പ്പ് ഈ തീരുമാനം സൃഷ്ടിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. 

Content Highlights: Mani C Kappan may contest as UDF candidate in Pala