കൊച്ചി:  ഇന്ത്യയുടെ ആദ്യ തദ്ദേശ നിര്‍മിത വിമാനവാഹിനിക്കപ്പല്‍ ഐ.എന്‍.എസ്. വിക്രാന്തിന്റെ പ്രഥമപരീക്ഷണയാത്ര (സീ ട്രയല്‍) ആരംഭിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് വിക്രാന്ത് അറബിക്കടലില്‍ ഇറക്കിയത്. ആറു നോട്ടിക്കല്‍ മൈല്‍ ദൂരം കടലില്‍ പരീക്ഷണയാത്ര നടത്താനാണ് തീരുമാനം. തദ്ദേശമായി രൂപകല്‍പന ചെയ്യുകയും നിര്‍മിക്കുകയും ചെയ്തിട്ടുള്ളതില്‍വെച്ച് ഏറ്റവും വലുതും സങ്കീര്‍ണ സംവിധാനങ്ങള്‍ ഉള്ളതുമായ യുദ്ധക്കപ്പലാണ് വിക്രാന്ത്. 262 മീറ്റര്‍ ഉയരവും 62 മീറ്റര്‍ വീതിയും സൂപ്പര്‍ സ്ട്രക്ചര്‍ ഉള്‍പ്പെടെ 59 മീറ്റര്‍ ഉയരവുമാണുള്ളത്. അടുത്തവര്‍ഷത്തോടെ ഐ.എന്‍.എസ്. വിക്രാന്ത് കമ്മീഷന്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിര്‍മാണവേളയില്‍ ഐ.എ.സി.-1 എന്ന് പേരിട്ടിരുന്ന ഈ വമ്പന്‍വിമാനവാഹിക്ക്, ഡീകമ്മീഷന്‍ ചെയ്ത  ഐ.എന്‍.എസ്. വിക്രാന്തിന്റെ സ്മരണയില്‍ ആ പേരു തന്നെ നല്‍കുകയായിരുന്നു. 1997-ല്‍ ഡീ കമ്മീഷന്‍ ചെയ്ത ഐ.എന്‍.എസ്. വിക്രാന്ത് 2017-ലാണ് പൊളിച്ചത്. 1971-ലെ യുദ്ധത്തില്‍ ഐ.എന്‍.എസ്. വിക്രാന്ത് നിര്‍ണായക പങ്കുവഹിച്ചതിന്റെ അന്‍പതാം വാര്‍ഷികത്തില്‍, അതിന്റെ പിന്‍ഗാമി പ്രഥമ പരീക്ഷണ യാത്ര നടത്തുന്നുവെന്നത് രാജ്യത്തിന് അഭിമാനകരവും ചരിത്രപരമായ ദിനവുമാണ്- ഇന്ത്യന്‍ നാവികസേന ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈനാണ് വിക്രാന്തിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചത്. കൊച്ചിന്‍ ഷിപ്പ്‌യാഡ് ലിമിറ്റഡിലാണ് 76 ശതമാനത്തിലധികം നിര്‍മാണം നടന്നത്. സൂപ്പര്‍ സ്ട്രക്ചറില്‍ അഞ്ചെണ്ണം ഉള്‍പ്പെടെ ആകെ 14 ഡെക്കുകളിലായി 2,300 കംപാര്‍ട്ട്മെന്റുകളുമാണുള്ളത്. 1700 ഓളം വരുന്ന ക്രൂവിനായി രൂപകല്‍പ്പന ചെയ്ത കപ്പലില്‍ വനിതാ ഓഫീസര്‍മാര്‍ക്ക് വേണ്ടി പ്രത്യേക ക്യാബിനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യന്ത്രസാമഗ്രികള്‍, കപ്പല്‍ നാവിഗേഷന്‍, അതിജീവനം (Habitability) എന്നിവയ്ക്കായി വളരെ ഉയര്‍ന്ന നിലവാരമുള്ള യന്ത്രവല്‍കൃത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കപ്പല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, ഒരേ സമയം ഹെലികോപ്റ്ററുകളെയും, ഫൈറ്റര്‍ വിമനങ്ങളെയും വഹിക്കാന്‍ കഴിയുന്ന 'വിക്രാന്ത്' ന് 28 മൈല്‍ വേഗതയും, 18 മൈല്‍ ക്രൂയിസിങ് വേഗതയും 7,500 മൈല്‍ ദൂരം പോകുവാനുള്ള ശേഷിയും ഉണ്ട്.

നവംബര്‍ 20 ന് ബേസിന്‍ ട്രയല്‍സിന്റെ ഭാഗമായി കപ്പലിന്റെ പ്രൊപ്പല്‍ഷന്‍, പവര്‍ ജനറേഷന്‍ ഉപകരണങ്ങള്‍ /സിസ്റ്റങ്ങള്‍ എന്നിവയുടെ കാര്യക്ഷമത തുറമുഖത്ത് പരീക്ഷിച്ചിരുന്നു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ജൂണ്‍ 25-ന് കപ്പല്‍ സന്ദര്‍ശിച്ച് കപ്പലിന്റെ നിര്‍മ്മാണ പുരോഗതി അവലോകനം ചെയ്തു. കന്നി പരീക്ഷണ  യാത്രയ്ക്കിടെ, കപ്പലിന്റെ പ്രകടനം, ഹള്‍, പ്രധാന പ്രൊപ്പല്‍ഷന്‍, പി.ജി.ഡി. (Power Generation and Distribution), സഹായ ഉപകരണങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിക്കും.

വിക്രാന്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ തദ്ദേശീയമായി ഒരു വിമാനവാഹിനി കപ്പല്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിക്കും. വിക്രാന്തിന്റെ നിര്‍മാണം, ആത്മനിര്‍ഭര്‍ ഭാരതിന്റെ സാക്ഷാത്കാരത്തിലേക്കുള്ള ചുവടുവെപ്പു കൂടിയാണ്. 

30 വിമാനങ്ങള്‍ ഒറ്റയടിക്ക് വഹിക്കാം

രാജ്യത്ത് ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ കപ്പല്‍ കൊച്ചിയുടെ തീരത്ത് ഒരുങ്ങുന്നത് ഒട്ടേറെ സവിശേഷതകളോടെയാണ്. 2300 കമ്പാര്‍ട്ട്‌മെന്റുകളുള്ള കപ്പലില്‍ ഉപയോഗിച്ചിരിക്കുന്ന കേബിളുകള്‍ നീട്ടിയിട്ടാല്‍ അതിനു 2100 കിലോ മീറ്റര്‍ നീളമുണ്ടാകും. 262 മീറ്റര്‍ നീളമുള്ള കപ്പലിന് മണിക്കൂറില്‍ 28 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ സഞ്ചരിക്കാനാകും. 1500-ലേറെ നാവികരെയും ഉള്‍ക്കൊള്ളാനാകും.

പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ, ഇരുപത് ഫൈറ്റര്‍ ജെറ്റുകളും 10 ഹെലികോപ്ടറും ഉള്‍പ്പെടെ മുപ്പത് എയര്‍ക്രാഫ്റ്റുകളെ വഹിക്കാന്‍ ഐ.എന്‍.എസ്. വിക്രാന്തിന് സാധിക്കും. മിഗ്-29കെ, നാവിക സേനയുടെ എല്‍.സി.എ. എയര്‍ക്രാഫ്റ്റ് എന്നിവയ്ക്കുള്ള സൗകര്യവും ഐ.എ.സി.-1നുണ്ടാകും. രണ്ട് റണ്‍വേകളും എസ്.ടി.ഒ.ബി.എ.ആര്‍.(short take off but arrested recovery) സംവിധാനവും കപ്പലിലുണ്ടാകും.

റഷ്യന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുങ്ങുന്ന കപ്പലിന്റെ ഇന്റഗ്രേറ്റഡ് പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സംവിധാനം (ഐ.പി.എം.എസ്.) ഒരുക്കുന്നത് ബെംഗളൂരു കേന്ദ്രമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡാണ്.

അടിയന്തരമായി മൂന്ന് വിമാനവാഹിനിക്കപ്പലുകളുടെ ആവശ്യകതയാണ് ഇന്ത്യന്‍ നാവികസേനയ്ക്കുള്ളത്. ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡിനും വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിനും ഓരോന്നു വീതവും മറ്റൊന്ന് ഡോക്ക് മെയിന്റനന്‍സിനും. 2017-ല്‍ ആ.എന്‍.എസ്. വിക്രാന്ത് പൊളിച്ചുനീക്കിയതിനു ചെയ്തതിനു ശേഷം ഐ.എന്‍.എസ്. വിക്രമാദിത്യ എന്ന വിമാനവാഹിനി മാത്രമാണ് നാവികസേനയ്ക്കുണ്ടായിരുന്നത്. വിമാനവാഹിനിക്കപ്പലുള്ള ലോകത്തെ ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ലോകമാകെയുള്ള 45 വിമാനവാഹിനിക്കപ്പലുകളില്‍ 11 എണ്ണം അമേരിക്കന്‍ നാവികസേനയുടേതാണ്.

content highlights: ins vikrant begins sea trials