കോഴിക്കോട്: തെരുവിലെ കയ്യാങ്കളിക്കും പരസ്യ തെറിവിളിക്കുമെല്ലാം തല്‍ക്കാലം വിട. ഒന്നുകില്‍ അടി അല്ലെങ്കില്‍ മുന്നണിയെന്ന രീതിയില്‍ സി.പി.എം വടിയെടുത്തപ്പോള്‍ പഴയതെല്ലാം മറന്ന് വീണ്ടും കൈകോര്‍ക്കുകയാണ് ഐ.എന്‍.എല്‍ നേതൃത്വം. സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുള്‍ വാഹാബും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും ശത്രുത മറന്ന് പ്രശ്‌നത്തിന് ശേഷമുള്ള ആദ്യ  സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനായി കോഴിക്കോട്ടെത്തി. കാലിക്കറ്റ് ടവര്‍ ഹോട്ടലില്‍ നടക്കുന്ന യോഗത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അടക്കമുള്ളവരാണ് എത്തിയത്.

തര്‍ക്കവും പ്രശ്‌നവുമായി മുന്നോട്ട് പോവുകയാണെങ്കില്‍ മുന്നണിയില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ടെന്ന് നേരത്തെ തന്നെ എല്‍.ഡി.എഫ് ഐ.എന്‍.എല്‍ നേതൃത്വത്തെ അറിയിച്ചിരുന്നു. മന്ത്രിസ്ഥാനത്തെ ചൊല്ലി ഐ.എന്‍.എല്‍ നേതാക്കള്‍ക്കിടയിലുണ്ടായിരുന്ന തര്‍ക്കങ്ങളായിരുന്നു തിരഞ്ഞെടുപ്പിന് ശേഷം തമ്മില്‍ത്തല്ലില്‍ വരെയെത്തിയത്. ഇരുപക്ഷവും  തങ്ങളെ ഐ.എന്‍.എല്ലിന്റെ ഔദ്യോഗികപക്ഷമായി അംഗീകരിക്കണമെന്ന ആവശ്യവുമായി എല്‍.ഡി.എഫിനെ സമീപിച്ചപ്പോള്‍ കടുത്ത താക്കീതായിരുന്നു ഇരുവര്‍ക്കും ലഭിച്ചത്. ഇരുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം തീരാതെ സര്‍ക്കാര്‍ പരിപാടികളില്‍ ഐ.എന്‍.എല്‍ പ്രതിനിധികളെ പങ്കെടുപ്പിക്കേണ്ട എന്ന് വരെ നിലപാടെടുത്തിരുന്നു.

തര്‍ക്കം കാല്‍ നൂറ്റാണ്ടിന് ശേഷം പാര്‍ട്ടിക്ക് മുന്നണിയില്‍ നിന്ന് ലഭിച്ച മന്ത്രിസ്ഥാനം വരെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് അടിയന്തരമായി പ്രശ്‌നങ്ങള്‍ പരിഹരിച്ച് മൂന്നോട്ട് പോവണമെന്ന ഉപദേശം കാന്തപുരമടക്കമുള്ളവരില്‍ നിന്ന് ഐ.എന്‍.എല്ലിന് ലഭിച്ചത്. ഇത് കൂടി അടിസ്ഥാനമാക്കിയാണ് മഞ്ഞുരുക്കി മുന്നോട്ട് പോവാന്‍ ഐ.എന്‍.എല്‍ തീരുമാനിച്ചത്. 

ഐ.എന്‍.എല്‍ കുറച്ച് കാലങ്ങളായി കൈവശം വെച്ചിരുന്ന ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനമടക്കം ഇത്തവണ നഷ്ടമായതോടെ പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തിന് പകരം സീതാറാം ടെക്സ്റ്റെയില്‍സിന്റെ ചെയര്‍മാന്‍ സ്ഥാനമാണ് ഐ.എന്‍.എല്ലിന് നല്‍കിയിരിക്കുന്നത്. ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജനം പൂര്‍ത്തിയായപ്പോള്‍ ചെയര്‍മാന്‍സ്ഥാനം പാര്‍ട്ടിക്ക് വേണ്ടി തന്നെ നിലനിര്‍ത്താന്‍ നേതൃത്വത്തിന് ആയില്ലെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന ആക്ഷേപം. ഇതടക്കം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാവും. എന്നാല്‍ പാര്‍ട്ടിയില്‍ തര്‍ക്കമില്ലെന്നും എല്ലാം ഒത്തൊരുമിച്ച് തീരുമാനമെടുത്തതാണെന്നുമാണ്  ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അടക്കം പ്രതികരിച്ചിരുന്നത്.