കൊച്ചി: പി എസ് സി കോഴ വിവാദമടക്കം ചർച്ച ചെയ്യാൻ വിളിച്ച ഐ എൻ എൽ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനിടെ സംഘർഷം. കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ചേരുന്ന യോഗത്തിനെതിരേ കേസെടുക്കുമെന്ന് പോലീസ്.

യോഗം വിളിച്ചുചേർത്തതിനെതിരേയും സെക്രട്ടറിയേറ്റിൽ ഇരുപക്ഷങ്ങളും ഭിന്നാഭിപ്രായവുമായി രംഗത്തെത്തിയിട്ടുണ്ടായിരുന്നു.

സംസ്ഥാന മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിച്ചതിന് പിന്നാലെ പാർട്ടിക്കുള്ളിൽ വലിയരീതിയിലുള്ള ഉൾപ്പോര് നിലനിൽക്കുകയാണ്. ഇക്കാര്യങ്ങളടക്കം ചർച്ചചെയ്യാനാണ് സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയോഗവും വിളിച്ചു ചേർത്തത്.

മന്ത്രി അഹമ്മദ് ദേവർകോവിലും യോഗത്തിൽ പങ്കെടുക്കാൻ എത്തി. അതേസമയം കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നടത്തുന്ന യോഗത്തിനെതിരേ പോലീസ് കേസെടുക്കുമെന്ന് യോഗം നടക്കുന്ന ഹോട്ടലിനെ അറിയിച്ചിരുന്നു. എന്നാൽ മന്ത്രി കുറച്ച് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുവെന്നും അതിന് വേണ്ടിയാണ് എത്തുന്നതെന്നുമാണ് പോലീസിനെ അറിയിച്ചിരുന്നത്.

ഇരുപതിൽ താഴെ ആളുകൾ മാത്രമാണ് യോഗത്തിൽ പങ്കെടുക്കാൻ എത്തുകയെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ യോഗം ആരംഭിച്ചതിന് ശേഷം നിരവധി പ്രവർത്തകർ ഇവിടേക്ക് എത്തി ചേരുകയായിരുന്നു.

Content Highlights:INL Meeting at kochi police will filed case for lockdown violation