കോഴിക്കോട്: ഐ.എന്‍.എലിലെ തര്‍ക്കം പരിഹരിക്കാന്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരുടെ നേതൃത്വത്തിലുണ്ടാക്കിയ വ്യവസ്ഥകള്‍ പൂര്‍ണമായി പാലിക്കപ്പെട്ടില്ല. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി. അബ്ദുല്‍ വഹാബുള്‍പ്പെടെയുള്ള എട്ട് ഭാരവാഹികള്‍ സംസ്ഥാനകമ്മിറ്റി ഓഫീസില്‍ കയറുന്നതിനെതിരേയുള്ള കേസ് പിന്‍വലിക്കാന്‍ കാസിം ഇരിക്കൂര്‍ വിഭാഗം തയ്യാറായിട്ടില്ല.

കോഴിക്കോട് ജില്ലയില്‍ വഹാബിനെ അനുകൂലിക്കുന്നവരുടെ നേതൃത്വത്തില്‍ വിഭാഗീയപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നതാണ് കാരണമായി പറയുന്നത്. ഇക്കാര്യം കോടതിയെയും അറിയിച്ചിട്ടുണ്ട്. കേസ് പിന്‍വലിക്കാന്‍ കാസിം ഇരിക്കൂര്‍ വിഭാഗത്തിനുമേല്‍ മധ്യസ്ഥതയ്ക്ക് നേതൃത്വം നല്‍കിയവര്‍തന്നെ സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കിലും അന്തിമനിലപാടറിയിച്ചില്ല. വ്യാഴാഴ്ച കോടതി കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. ഒത്തുതീര്‍പ്പായില്ലെങ്കില്‍ ഇനിയും തര്‍ക്കത്തിലേക്ക് പോവാനാണ് സാധ്യത. അതൊഴിവാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

എല്ലാ പ്രശ്‌നങ്ങളും തീര്‍ന്നെന്നും അച്ചടക്കനടപടിക്ക് വിധേയമായവരെ തിരിച്ചെടുക്കുമെന്നും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും അബ്ദുല്‍ വഹാബും ഒരുമിച്ച് പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചതാണ്. എന്നാല്‍, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഷര്‍മദ് ഖാനെ എറണാകുളത്തുനടന്ന യോഗത്തിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് പുറത്താക്കിയതാണെന്നും തിരിച്ചെടുക്കുന്നകാര്യം തീരുമാനമായിട്ടില്ലെന്നുമാണ് കാസിം ഇരിക്കൂര്‍ വിഭാഗം പറയുന്നത്.

കോഴിക്കോട് ജില്ലയില്‍ ഒരുമിച്ച് സംഘടിപ്പിക്കേണ്ട പരിപാടികള്‍ വഹാബ് വിഭാഗത്തെ മാത്രം ഉള്‍പ്പെടുത്തി നടത്തുന്നെന്നാണ് എതിര്‍വിഭാഗത്തിന്റെ ആരോപണം. എന്നാല്‍ അത് ശരിയല്ല, മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ ഉള്‍പ്പെടെ ചടങ്ങിന് ക്ഷണിച്ചിട്ടുണ്ടെന്ന് ജില്ലാ പ്രസിഡന്റ് ബഷീര്‍ ബഡേരി പറയുന്നു. എസ്.എ. പുതിയവളപ്പില്‍ അനുസ്മരണം നടത്തിയതും വഹാബ് വിഭാഗം ഒറ്റയ്ക്കാണെന്നു പരാതിയുണ്ട്.