-
പാലക്കാട്; വായില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് അട്ടപ്പാടിയില്‍ അവശ നിലയില്‍ കണ്ടെത്തിയ കുട്ടിക്കൊമ്പന്‍ ചരിഞ്ഞു. വായില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഭക്ഷണം കഴിക്കാന്‍ കഴിയാതിരുന്ന ആന അവശ നിലയിലായിരുന്നു. അഞ്ച് വയസ് തോന്നിക്കുന്ന കാട്ടാനയാണ് ചരിഞ്ഞത്. വെള്ളിയാഴ്ച വൈകിട്ടാണ് കുട്ടികൊമ്പനെ അവശ നിലയില്‍ ഷോളയൂര്‍ പഞ്ചായത്തിലെ വീട്ടികുണ്ട് ഊരിനടുത്ത് കണ്ടെത്തിയത്.
വനം വകുപ്പ് ഉദ്യോഗസ്ഥരും വെറ്റിനറി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരും സംഭവ സ്ഥലത്തെത്തിയിരുന്നു. പക്ഷേ ആര്‍ക്കും ആനയുടെ അടുത്തേക്ക് പോകാന്‍ സാധിച്ചില്ല. ആനയുടെ വായില്‍ പുഴുവരിച്ച നിലയില്‍ മുറിവുള്ളതായി ശ്രദ്ധയില്‍ പെട്ടിരുന്നു. മയക്കുവെടി വെച്ചാല്‍ മാത്രമെ ആനയ്ക്ക് ചികിത്സ നല്‍കാന്‍ കഴിയു എന്ന സാഹചര്യമായിരുന്നു. ശനിയാഴ്ച ഉച്ചയോടെ ആനയെ മയക്കുവെടിവയ്ക്കാമെന്ന തീരുമാനത്തിലായിരുന്നു വനം വകുപ്പ്. ഇതിനുള്ള നടപടി ക്രമങ്ങള്‍ വനം വകുപ്പ് ആരംഭിക്കുകയും ചെയ്തു. ഇതിനിടയില്‍ ശനിയാഴ്ച രാവിലെ ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ദിവസങ്ങളായി ആന ഭക്ഷണം കഴിച്ചിട്ടില്ലെന്നാണ് വനം വകുപ്പിന്റെ നിഗമനം. നേരത്തെ പാലക്കാട് വായില്‍ പരിക്കേറ്റ നിലയില്‍ ആനയെ കണ്ടെത്തിയിരുന്നു. പന്നിപ്പടക്കം കടിച്ചാണ് ആനയ്ക്ക് പരിക്കേറ്റത്. രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ആന ചരിഞ്ഞു. അട്ടപ്പാടിയിലെ കുട്ടികൊമ്പന്‍ ചരിഞ്ഞതും സമാന സാഹചര്യത്തിലാണോ എന്ന് അന്വേഷിക്കുകയാണ് വനം വകുപ്പ്.
Content Highlight: Injured baby elephant died in Attappadi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..