8 മാസം കൊണ്ട് ലക്ഷ്യംനേടി സംരംഭകവർഷം പദ്ധതി; ഒരു ലക്ഷം സംരംഭങ്ങൾ, 6282 കോടി രൂപയുടെ നിക്ഷേപം


വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പത്രസമ്മേളനത്തിൽ സംസാരിക്കുന്നു

തിരുവനന്തപുരം: എട്ടു മാസം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിച്ച് സംരംഭക വർഷം പദ്ധതി. 1,01,353 സംരംഭങ്ങൾ ഇതിനോടകം ആരംഭിച്ചു. പദ്ധതിയിലൂടെ കേരളത്തിലേക്ക് 6282 കോടി രൂപയുടെ നിക്ഷേപം കടന്നുവന്നു. 2,20,500 പേർക്ക് ഈ ഒരു ലക്ഷം സംരംഭങ്ങളിലൂടെ തൊഴിൽ ലഭിച്ചതായും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

മലപ്പുറം, എറണാകുളം ജില്ലകളിൽ പതിനായിരത്തിലധികം സംരംഭങ്ങൾ ആരംഭിച്ചു. കൊല്ലം, തൃശ്ശൂർ, തിരുവനന്തപുരം ജില്ലകളിൽ ഒൻപതിനായിരത്തിലധികവും കോഴിക്കോട്, പാലക്കാട് ജില്ലകളിൽ എട്ടായിരത്തിലധികവും കണ്ണൂർ, ആലപ്പുഴ ജില്ലകളിൽ ഏഴായിരത്തിലധികവും സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ ഇരുപതിനായിരത്തിലധികമാളുകൾക്കും ആലപ്പുഴ, കൊല്ലം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെല്ലാം തന്നെ പതിനയ്യായിരത്തിലധികം ആളുകൾക്കും തൊഴിൽ നൽകാൻ സംരംഭക വർഷം പദ്ധതിയിലൂടെ സാധിച്ചു.

വ്യാവസായികമായി പിന്നാക്കം നിൽക്കുന്ന വയനാട്, ഇടുക്കി, കാസർഗോഡ് ജില്ലകളിലായി പതിനെട്ടായിരത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. വ്യാവസായിക സാഹചര്യം മാനദണ്ഡമാക്കി ഓരോ ജില്ലയിലും തദ്ദേശ സ്ഥാപനങ്ങളിലും ആരംഭിക്കേണ്ട സംരംഭങ്ങളുടെ ടാർഗറ്റ് നൽകിയിരുന്നു. ഇങ്ങനെ നിശ്ചയിച്ച ലക്ഷ്യം കൈവരിക്കുന്ന കാര്യത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത് വയനാട് ജില്ലയാണ് എന്നത് എല്ലാ ജില്ലകളിലും നിക്ഷേപം സാധ്യമാണ് എന്നതിന് തെളിവാണ്. കേരളത്തിലെ 70 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇങ്ങനെ നിശ്ചയിക്കപ്പെട്ടിട്ടുള്ള ലക്ഷ്യത്തിൻ്റെ നൂറുശതമാനം കൈവരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വിവിധ മേഖലകളായി തിരിച്ചുള്ള കണക്കുകളെടുത്താലും സംരംഭക വർഷം കേരളത്തിന് വലിയ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. കൃഷി - ഭക്ഷ്യ സംസ്കരണ മേഖലയിൽ 17958 പുതിയ സംരംഭങ്ങൾ ഇക്കാലയളവിൽ നിലവിൽ വന്നു. 1818 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 58038 പേർക്ക് ഈ യൂണിറ്റുകളിലൂടെ തൊഴിൽ ലഭിച്ചു. ഗാർമെന്റ്സ് ആന്റ് ടെക്സ്റ്റൈൽ മേഖലയിൽ 11672 സംരംഭങ്ങളും 500 കോടിയിലധികം രൂപയുടെ നിക്ഷേപവും 23874 തൊഴിലും ഉണ്ടായി. ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് മേഖലയിൽ 4352 സംരംഭങ്ങളും 260 കോടി രൂപയുടെ നിക്ഷേപവും 8078 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. സർവ്വീസ് മേഖലയിൽ 7810 സംരംഭങ്ങളാണ് രജിസ്റ്റർ ചെയ്തത്. 465 കോടി രൂപയുടെ നിക്ഷേപവും 17707 തൊഴിലും ഈ മേഖലയിൽ ഉണ്ടായി. വ്യാപാര മേഖലയിൽ 31676 സംരംഭങ്ങളും 1817 കോടിയുടെ നിക്ഷേപവും 58038 തൊഴിലുമാണ് സൃഷ്ടിക്കപ്പെട്ടത്. ഇതിന് പുറമെ ബയോ ടെക്നോളജി, കെമിക്കൽ മേഖല തുടങ്ങി ഇതര മേഖലകളിലായി 26,679 സംരംഭങ്ങളും പദ്ധതിയുടെ ഭാഗമായി ആരംഭിക്കാൻ സാധിച്ചിട്ടുണ്ട്. സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി വനിതാ സംരംഭകർക്ക് പ്രോത്സാഹനം നൽകുന്നുണ്ട്. ഇതിലൂടെ വനിതാ സംരംഭകർ നേതൃത്വം നൽകുന്ന 25,000ത്തിലധികം സംരംഭങ്ങൾ പ്രവർത്തനമാരംഭിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി.

2022 മാർച്ച് 30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പദ്ധതി അതിവിപുലമായ ആസൂത്രണത്തിലൂടെ വിജയതീരമണിഞ്ഞിരിക്കുന്നത്. നിരവധി തവണ മന്ത്രി തലത്തിലും ഉദ്യോഗസ്ഥ തലത്തിലും തൊഴിലാളി സംഘടനകളുമായും ഫിക്കി, കോൺഫെഡറേഷൻ ഓഫ് ഇൻ്റസ്ട്രീസ്, സ്‌മോൾ സ്കെയിൽ ഇൻ്റസ്ട്രീസ് അസോസിയേഷൻ തുടങ്ങിയ സംരംഭക സംഘടനകളുമായും യോഗങ്ങൾ വിളിച്ചുചേർത്തു. പദ്ധതിയുടെ വിജയത്തിനായി ചാർട്ടേഡ് അക്കൗണ്ടൻ്റുമാരുടെയും എച്ച് ആർ മാനേജർമാരുടെയും സംഘടനകളുമായും പ്രതിനിധികളുമായും യോഗം ചേരുകയും ഹെൽപ്പ് ഡെസ്കുകൾ ആരംഭിക്കാമെന്ന നിർദേശം അംഗീകരിക്കുകയും ചെയ്തു. പദ്ധതിക്ക് മുന്നോടിയായി വ്യവസായ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് കോഴിക്കോട് ഐഐഎമ്മിലും അഹമ്മദാബാദിലെ ദേശീയ സംരംഭകത്വ ഇൻസ്റ്റിറ്റ്യൂട്ടിലും മൂന്ന് ദിവസത്തെ പരിശീലനം നൽകി.

ആദ്യഘട്ടത്തിൽ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഏകദിന ശിൽപശാലകൾ സംഘടിപ്പിച്ചു. സംസ്ഥാനത്തെ ഒരു ലക്ഷത്തിലധികം ആളുകളിലേക്ക് നേരിട്ട് പദ്ധതിയെക്കുറിച്ച് വിവരങ്ങളെത്തിക്കാൻ ശിൽപശാലകളിലൂടെ സാധിച്ചു. ഇതിന് ശേഷം രണ്ടാം ഘട്ടമായി സംസ്ഥാനത്തുടനീളം ലൈസൻസ്/ലോൺ/സബ്സിഡി മേളകൾ സംഘടിപ്പിച്ചു. ബാങ്കുകളും പദ്ധതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. നാല് ശതമാനം മാത്രം പലിശയ്ക്ക് 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുന്ന പദ്ധതിയും സംരംഭക വർഷം പദ്ധതിക്കായി പ്രഖ്യാപിച്ചു നടപ്പിലാക്കി.

സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടായ സംരംഭക സൗഹൃദ സമീപനം കൂടുതൽ നിക്ഷേപകർക്ക് സംരംഭങ്ങൾ ആരംഭിക്കാൻ പ്രചോദനമായി. ഇവർക്ക് സഹായം ലഭ്യമാക്കുന്നതിനും പദ്ധതിയുടെ മികച്ച നടത്തിപ്പിനുമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ബി-ടെക്ക്/എം.ബി.എ യോഗ്യതയുള്ള ഇൻ്റേണുകളെ നിയമിച്ചു. ഇങ്ങനെ നിയമിക്കപ്പെട്ട 1153 ഇൻ്റേണുകൾ, സംരംഭകർക്ക് പൊതുബോധവൽക്കരണം നൽകാനും വൺ ടു വൺ മിറ്റിങ്ങുകളിലൂടെ സംരംഭകരെ സഹായിക്കാനും കെ-സ്വിഫ്റ്റ് പോർട്ടൽ വഴി വിവിധ വകുപ്പുകളിൽ നിന്നും ലഭിക്കേണ്ട അനുമതികൾക്കുള്ള അപേക്ഷകൾ തയ്യാറാക്കുന്നതിനും, ലൈസൻസ്/സബ്സിഡി ഏകോപനം സാധ്യമാക്കാനും സഹായിച്ചു. 1153 ഇൻ്റേണുകൾക്ക് പുറമെ താലൂക്ക് ഫെസിലിറ്റേഷൻ സെൻ്ററുകളിലേക്ക് 59 പേരെ റിക്രൂട്ട് ചെയ്തതായും മന്ത്രി രാജീവ് വ്യക്തമാക്കി.

Content Highlights: Initiative for one lakh MSMEs in a year


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented