തിരുവനന്തപുരം: കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്പ്രിംഗ്ലര്‍ സൈറ്റിലേക്ക് നേരിട്ട് അപ്‌ലോഡ് ചെയ്യേണ്ടെന്ന് സര്‍ക്കാരിന്റെ നിര്‍ദേശം. സര്‍ക്കാര്‍ സൈറ്റിലേക്ക് മാത്രം വിവരങ്ങള്‍ നല്‍കിയാല്‍ മതിയെന്ന് തദ്ദേശ വകുപ്പ് ഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. അമേരിക്കന്‍ കമ്പനിയുമായി ബന്ധപ്പെട്ട വിവാദം കനത്തതോടെയാണ് സര്‍ക്കാരിന്റെ പിന്‍മാറ്റം.
കഴിഞ്ഞ ദിവസങ്ങളില്‍ സ്പ്രിംഗ്ലര്‍ കമ്പനിക്കെതിരെ പ്രതിപക്ഷം കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ വലിയ തോതില്‍ ഡേറ്റകള്‍ കേരളത്തില്‍നിന്ന് ശേഖരിച്ച് പാരാമെഡിക്കല്‍ കമ്പനികള്‍ അടക്കമുള്ളവര്‍ക്ക് കൈമാറുന്നതിനുള്ള കച്ചവടതന്ത്രം ഇതിന്റെ മറവിലുണ്ടെന്ന ആരോപണം പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. അതിനെ തുടര്‍ന്നാണ് വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്ന സൈറ്റില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിരിക്കുന്നത്.
സ്പ്രിംഗ്ലറിലേക്ക് നേരിട്ട് വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്ന വെബ്‌സൈറ്റിന് പകരം housevisit.kerala.gov.in എന്ന സര്‍ക്കാര്‍ സൈറ്റിലേക്ക് ഇനിമുതല്‍ വിവരങ്ങള്‍ നല്‍കിയാല്‍ മതിയെന്നാണ് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് തദ്ദേശവകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം. നേരത്തെ സ്പ്രിംഗ്ലറിന്റെ സൈറ്റിലേക്ക് നേരിട്ടായിരുന്നു ഐസൊലേഷനില്‍ അടക്കമുള്ള രോഗികളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട ഡേറ്റ പോയിരുന്നത്. സര്‍ക്കാര്‍ സൈറ്റില്‍ നിന്ന് അമേരിക്കന്‍ കമ്പനിക്ക് ഡേറ്റയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പിന്നീട് ലഭിക്കുമോ എന്നതുസംബന്ധിച്ച വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.
അമേരിക്കയിലുള്ള സ്പ്രിംഗ്ലര്‍ കമ്പനി കേന്ദ്രീകരിച്ച് വിവരങ്ങള്‍ ശേഖരിച്ചുവെക്കുന്നതിനുള്ള നിര്‍ദേശമായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. അതാണ് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച് മുന്നോട്ടുപോയിക്കൊണ്ടിരുന്നത്. കമ്പനിയുമായുണ്ടാക്കിയ കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ഈ കരാര്‍ എന്തടിസ്ഥാനത്തില്‍ നല്‍കി, എന്തൊക്കെ മേഖലകള്‍ ഈ കരാറിന്റെ പരിധിയില്‍ വരുന്നുണ്ട് തുടങ്ങിയ വിവരങ്ങള്‍ പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. അതിനുപിറകെയാണ് കോവിഡ് 19-മായി ബന്ധപ്പെട്ട വിവരങ്ങളുടെ വിശദാംശങ്ങള്‍ എല്ലാം സര്‍ക്കാര്‍ സൈറ്റില്‍ നല്‍കിയാല്‍ മതിയെന്ന നിര്‍ദേശം തദ്ദേശവകുപ്പില്‍ നിന്ന വന്നിരിക്കുന്നത്.
Content Highlights: Information related to Covid19 should not be uploaded directly to the Sprinklr site
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..