തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാപകമായി അനര്‍ഹര്‍ വാക്‌സിന്‍ സ്വീകരിച്ചതായി ആക്ഷേപം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടെന്ന വ്യാജേനയാണ് നിരവധിപേര്‍ വാക്‌സിന്‍ എടുത്തത്. ഇതോടെ ആശുപത്രികളിലേക്ക് വിതരണം ചെയ്യാന്‍ ആവശ്യത്തിന് വാക്‌സിന്‍ ഇല്ലാതെയായി. സ്വകാര്യ ആശുപത്രികളിലെ വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. 

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാനാണ് വെള്ളയമ്പലം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് ആരംഭിച്ചത്. ഒരാഴ്ചയിലേറെയായി തുടരുന്ന ക്യാമ്പില്‍ പ്രതിദിനം ആയിരത്തിലേറെ പേര്‍ വാക്‌സിനെടുത്ത് മടങ്ങി. 

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടെന്ന വ്യാജേന ഡ്യൂട്ടിയില്ലാത്ത ജീവനക്കാരും വിരമിച്ച ജീവനക്കാരും മുതല്‍ സ്വകാര്യ വ്യക്തികള്‍ വരെ വാകിന്‍ എടുത്തു. ഉന്നത ഉദ്യോഗസ്ഥരുടെ ശുപാര്‍ശയോടെയെത്തിയാണ് പലരും വാക്‌സിന്‍ എടുത്തതെന്നാണ് ആക്ഷേപം. കൃത്യമായി രജിസ്‌ട്രേഷന്‍ ഒത്തുനോക്കാത്തതും അനര്‍ഹര്‍ കടന്നുകൂടാന്‍ ഇടയായി. 

ജില്ലയില്‍ 30,000 താഴെ ഉദ്യോഗസ്ഥര്‍ക്കാണ് യഥാര്‍ത്ഥത്തില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളത്. എന്നാല്‍ അനര്‍ഹര്‍ തളളിക്കയറിയതോടെ ഈ വിഭാഗത്തിലുള്ളവരുടെ എണ്ണം 60,000 കടന്നു. മെഗാ വാക്‌സിനേഷന്‍ ക്യാമ്പില്‍ കണക്കാക്കിയതിലും കൂടുതല്‍ വാക്‌സിന്‍ നല്‍കിയതോടെ ആശുപത്രികളിലേക്ക് നല്‍കാന്‍ വാക്‌സിനില്ലാതായി. ഇനി 10,000 ഡോസ് വാക്‌സിന്‍ മാത്രമാണുള്ളത്. 

ഇതോടെ ജില്ലയില്‍ വാക്‌സിന്‍ വിതരണത്തില്‍ ആരോഗ്യ വകുപ്പ് നിയന്ത്രണമേര്‍പ്പെടുത്തി. സര്‍ക്കാര്‍ ആശുപത്രികളില്‍ തിങ്കള്‍, ചൊവ്വാ ദിവസങ്ങളിലെ രജിസ്‌ട്രേഷന്‍ നിര്‍ത്തിവെച്ച് നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രം ഈ ദിവസങ്ങളില്‍ വാക്‌സിന്‍ നല്‍കാനാണ് തീരുമാനം. സ്വകാര്യ ആശുപത്രികള്‍ക്ക് രണ്ട് ദിവസത്തേക്ക് വാക്‌സിന്‍ നല്‍കില്ല. അതിനാല്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പോലും വാക്‌സിന്‍ ലഭിക്കില്ല.

ചൊവ്വാഴ്ച 21 ലക്ഷം ഡോസ് വാക്‌സിന്‍ സംസ്ഥാനത്ത് എത്തുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ഇത് ആശുപത്രികളിലെത്തിച്ചാലേ  ഇനി വാക്‌സിന്‍ വിതരണം സാധാരണ നിലയിലാകൂ.

Content Highlights: Ineligible people takes vaccine at Thiruvananthapuram