കൊച്ചി: ഇന്‍ഡിവുഡ് ബില്ല്യണേഴ്സ് ക്ലബ് കേരള ചാപ്റ്ററിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികള്‍ ഒക്ടോബര്‍ 18, 19 തിയ്യതികളില്‍ കൊച്ചിയില്‍ നടക്കും. കേരളത്തിന്റെ ആദ്യ ആഡംബരകപ്പലായ നെഫര്‍റ്റിറ്റിയില്‍ നടക്കുന്ന പരിപാടിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശതകോടീശ്വരന്മാര്‍ പങ്കെടുക്കും. ഇന്ത്യന്‍ സിനിമാ വ്യവസായ മേഖലയില്‍ കൂടുതല്‍ നിക്ഷേപ സാധ്യതകള്‍ ആരായുന്ന സംഗമത്തില്‍ പുതിയ പ്രഖ്യാപനങ്ങളും ഉണ്ടായേക്കും. വ്യവസായരംഗത്തെ പ്രതിഭകള്‍ക്കുള്ള ഇന്‍ഡിവുഡ് ബില്ല്യണേഴ്‌സ് പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും. 

ഗ്ലോബല്‍ ഫാഷന്‍ വീക്കുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന ഇന്‍ഡിവുഡ് ഫാഷന്‍ പ്രീമിയര്‍ ലീഗ് രണ്ടാം സീസണും ഇതോടനുബന്ധിച്ചു നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ദേശീയ അന്തര്‍ദേശീയ ഡിസൈനര്‍മാരും മോഡലുകളും ഇന്‍ഡിവുഡ് ഫാഷന്‍ പ്രീമിയര്‍ ലീഗില്‍ അണിനിരക്കും. 

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏരീസ് ഗ്രൂപ്പ് സി.ഇ.ഒയും, സംവിധായകനുമായ സോഹന്‍ റോയ് നേതൃത്വം നല്‍കുന്ന പ്രൊജക്ട് ഇന്‍ഡിവുഡിന്റെ ഭാഗമായുള്ള ഇന്‍ഡിവുഡ് ബില്ല്യണേഴ്‌സ് ക്ലബിന്റെ കര്‍ണ്ണാടക ചാപ്റ്ററിന് അടുത്തിടെ തുടക്കമായിരുന്നു. ബെംഗളൂരു നഗരത്തില്‍ അത്യാധുനിക മള്‍ട്ടിപ്ലക്സ് ശൃംഖലകള്‍ നിര്‍മിക്കുവാനുള്ള പദ്ധതി കര്‍ണാടക ചാപ്റ്റര്‍ രൂപീകരണത്തോടനുബന്ധിച്ച് പ്രഖ്യാപിച്ചിരുന്നു. 

100 കോടിക്കുമേല്‍ ആസ്തിയുള്ള ഇന്ത്യയിലെ സംരംഭകരുടെയും കോര്‍പറേറ്റുകളുടെയും സംഘടനയാണ് ഇന്‍ഡിവുഡ് ബില്ല്യണേഴ്‌സ് ക്ലബ്.  ഇന്ത്യന്‍ സിനിമ ലോകത്തെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തുക, രൂപയുടെ വിനിമയ മൂല്യം ഡോളറിനൊപ്പമെത്തിക്കുക തുടങ്ങി നിരവധി ദൗത്യങ്ങളുമായാണ് ശതകോടീശ്വര ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍. നിരവധി സിനിമാ സംരംഭങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഇന്‍ഡിവുഡ് ബില്യണേഴ്‌സ് ക്ലബ് ഇതിനകം ഭാഗമായിട്ടുണ്ട്.

Content Highlights : Indywood Billioners Club Kerala Chapter Annual Celebrations In kochi