മകൻ തൻവിക്കിനൊപ്പം വൈശാഖ് | ഫോട്ടോ. മാതൃഭൂമി
പാലക്കാട്: വെള്ളിയാഴ്ച സിക്കിമിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് മാത്തൂർ സ്വദേശിയായ സൈനികൻ എസ്. വൈശാഖിന്റെ ഒന്നരവയസ്സുകാരൻ മകൻ അച്ഛന്റെ മരണവാർത്ത അറിയാതെ കളിചിരിയിലാണ്. അടുത്ത പിറന്നാളിന് സമ്മാനവുമായിവരുന്ന അച്ഛനുവേണ്ടി കാത്തിരിപ്പിലാണിപ്പോഴും തൻവിക്.
വൈശാഖിന്റെ വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു മകൻ തൻവിക്കിന്റെ ഒന്നാംപിറന്നാൾ ആഘോഷമാക്കണമെന്നത്. സുഹൃത്തുക്കളോടും വീട്ടുകാരോടും ഇക്കാര്യം ഫോൺ വിളിക്കുമ്പോൾ ഇടയ്ക്കിടെ പറയുമായിരുന്നു.
അങ്ങനെ തന്റെ മകനുള്ള പിറന്നാൾസമ്മാനങ്ങളുമായി ജൂലായ് 24-ന് വൈശാഖ് നാട്ടിലെത്തി. 25-ന് നടന്ന മകന്റെ പിറന്നാളാഘോഷം മധുരംനൽകിയും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സദ്യ നൽകിയും വിപുലമായി ആഘോഷിച്ചു.
ഓണവും ആഘോഷിച്ചശേഷമാണ് വൈശാഖ് ജോലിസ്ഥലത്തേക്കുമടങ്ങിയത്. മകനെ ചേർത്തുപിടിച്ച് ചുംബനം നൽകിയായിരുന്നു മടക്കം. ‘അടുത്തതവണ വരുമ്പോൾ അച്ഛൻ സമ്മാനം കൊണ്ടുവരാട്ടോ’ എന്ന വാക്കും.
16 സൈനികർ മരിച്ചു
ഗാങ്ടോക്ക്: വടക്കൻ സിക്കിമിലെ സെമയിൽ കരസേനയുടെ ട്രക്ക് മലയിടുക്കിലേക്കു മറിഞ്ഞ് പാലക്കാട് മാത്തൂർ ചെങ്ങണിയൂർക്കാവ് പുത്തൻവീട്ടിൽ എസ്. വൈശാഖ് (27) ഉൾപ്പടെ 16 സൈനികർ മരിച്ചു.
മരിച്ചവരിൽ മൂന്നുപേർ ജൂനിയർ കമ്മിഷൻഡ് ഓഫീസർമാരാണ്. നാലുസൈനികർക്ക് പരിക്കേറ്റു. ഇന്ത്യ-ചൈന അതിർത്തിയിലാണ് സെമ. വെള്ളിയാഴ്ച രാവിലെ ചാറ്റണിൽനിന്ന് തംഗുവിലേക്ക് പുറപ്പെട്ട മൂന്നുട്രക്കുകളിലൊന്നാണ് കൊക്കയിലേക്ക് മറിഞ്ഞത്. കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് അധികൃതർ പറഞ്ഞു. അപകടമുണ്ടായ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റ സൈനികരെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്കുമാറ്റി.
വൈശാഖിന്റെ മൃതദേഹം സൈനിക ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഗാങ്ടോക്കിൽ പോസ്റ്റുമോർട്ടം നടത്തി ഞായറാഴ്ച മാത്തൂരിലെ വീട്ടിലെത്തിക്കും. 2015-ലാണ് സേനയുടെ ഭാഗമായത്. 221 കരസേനാ റെജിമെന്റിൽ നായിക്കായി സേവനമനുഷ്ഠിച്ചിരുന്ന വൈശാഖ് ജൂലായ് 24-ന് മകന്റെ പിറന്നാളിനാണ് അവസാനമായി നാട്ടിലെത്തിയത്. സഹദേവനാണ് അച്ഛൻ. അമ്മ: വിജി. ഭാര്യ: ഗീതു. മകൻ: ഒന്നരവയസ്സുള്ള തൻവിക്. സഹോദരി: ശ്രുതി.
ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും അനുശോചിച്ചു.
Content Highlights: indian soldier vaishak and his son
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..