കോഴിക്കോട്: അതിഥി തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിനായി ടിക്കറ്റിന്റെ മുഴുവന്‍ തുകയും ഈടാക്കുന്നുണ്ടെന്ന് റെയില്‍വേ അധികൃതര്‍. കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അല്ല വഹിക്കുന്നത്. സംസ്ഥാനം ആവശ്യപ്പെടുന്നതിന് അനുസരിച്ചുള്ള മുഴുവന്‍ ടിക്കറ്റും ഒരുമിച്ച് നല്‍കി ജില്ലാ ഭരണകൂടത്തിന്റെ പ്രതിനിധികള്‍ തൊഴിലാളികളില്‍ നിന്നു പണം ശേഖരിച്ച് റെയില്‍വേയ്ക്ക് നല്‍കുകയാണ് ചെയ്യുന്നത്. മുമ്പെ ഉണ്ടായിരുന്ന സ്ലീപ്പര്‍ നിരക്ക് തന്നെയാണ് കഴിഞ്ഞ ദിവസങ്ങളില്‍  യാത്ര പുറപ്പെട്ട തൊഴിലാളികളില്‍ നിന്നും  ഈടാക്കിയതെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. 

അതിഥി തൊഴിലാളികള്‍ക്ക് യാത്ര ചെയ്യാനുള്ള ശ്രമിക് തീവണ്ടികളിലെ ടിക്കറ്റ് വിലയുടെ പതിനഞ്ച് ശതമാനം മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ വഴി ഈടാക്കുന്നത് എന്നാണ് റെയില്‍വേ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. റെയില്‍വേ സ്റ്റേഷനുകളില്‍ ടിക്കറ്റ് വില്‍പ്പന ഉണ്ടാവില്ല എന്നും  അറിയിച്ചിരുന്നു. എന്നാല്‍  ഇങ്ങനെയൊരു ഉത്തരവ് നിലനില്‍ക്കേ അതിഥി  തൊഴിലാളികളില്‍ നിന്ന് മഴുവന്‍ പണവും ഊടാക്കുന്നത് വലിയ വിവാദത്തിലേക്ക് വഴിവെച്ചിരുന്നു. സംസ്ഥാനത്തെ ചില ബിജെപി നേതാക്കളും സംസ്ഥാന സര്‍ക്കാര്‍ ഇവരില്‍ നിന്ന് മുഴുവന്‍ തുകയും ഈടാക്കുന്നുവെന്നും ആരോപിച്ച് രംഗത്ത് വന്നിരുന്നു. മറ്റ് സംസ്ഥാനങ്ങള്‍ ചെയ്യുന്നപോലെ കേരളവും ടിക്കറ്റ് നിരക്ക് സൗജന്യമാക്കണമെന്നാവശ്യപ്പെട്ടിരുന്നു. നിലവില്‍ കഴിക്കാനുള്ള ഭക്ഷണവും വെള്ളവും മാത്രമാണ് കേരളം ഇവര്‍ക്ക് സൗജന്യമായി നല്‍കുന്നത്.

ആരോപണം ശക്തമായതോടെ കേന്ദ്രം ഒറ്റപൈസയും നല്‍കുന്നില്ലെന്നും തൊഴിലാളികള്‍ തന്നെയാണ് പണം നല്‍കുന്നത് എന്ന വിശദീകരവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. മറിച്ചുള്ള പ്രചാരണം വ്യാജമാണെന്നും അവരുടെ കൈയില്‍ പണമുണ്ടെന്നും തൊഴിലാളികളെ വിലകുറച്ച് കാണേണ്ട  ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം തൊഴിലാളികളുടെ യാത്രാക്കൂലി വഹിക്കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത് അറിയിച്ചു. യാത്രാ ചെലവിന്റെ വിഹിതം  വഹിക്കുന്നതിന് ഗുജറാത്ത് സര്‍ക്കാര്‍ സന്നദ്ധ സംഘടനകളെ ഏല്‍പ്പിച്ചു. തുക ക്ലെയിം ചെയ്താല്‍ തിരിച്ച് തരുമെന്നാണ് ബിഹാര്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. തുക സര്‍ക്കാര്‍ വഹിക്കുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍ അറിയിച്ചു. തൊഴിലാളികളുടെ കൂലി സര്‍ക്കാര്‍ കൊടുക്കുമെന്ന് ജാര്‍ഖണ്ഡ് സര്‍ക്കാരും അറിയിച്ചു. തെലുങ്കാനയും ഇതേ നിലപാടാണെടുത്തത്. 

Content Highlights:Migrant Labours Ticket Fare Charge Controversy