•ആർ.ആർ.ടി. ഉദ്യോഗസ്ഥർ മുള്ളൻപന്നിയെ പൊട്ടക്കിണറ്റിൽനിന്നു വലയിലാക്കി കരയ്ക്കുകയറ്റിയപ്പോൾ, കാര്യവട്ടം കാമ്പസിലെ പൊട്ടക്കിണറ്റിൽ വീണ മുള്ളൻപന്നിയെ രക്ഷപ്പെടുത്താൻ ആർ.ആർ.ടി.യുടെ ശ്രമം
കഴക്കൂട്ടം: കാര്യവട്ടത്തെ കേരള സർവകലാശാല കാമ്പസിലെ പൊട്ടക്കിണറ്റിൽ വീണ മുള്ളൻപന്നിയെ വനംവകുപ്പിന്റെ സംഘം വൈകിയാണെങ്കിലും രക്ഷപ്പെടുത്തി.
ഒ.എൻ.വി. സ്മാരക മന്ദിരത്തിനു പിന്നിലെ ആൾമറയില്ലാത്ത പൊട്ടക്കിണറ്റിലാണ് പന്നി വീണത്. ബുധനാഴ്ച സ്ഥലം വൃത്തിയാക്കവേ, മണ്ണുമാന്തിയന്ത്രത്തിന്റെ ഡ്രൈവറാണ് കിണറിനുള്ളിൽ ജീവിയെ കണ്ടത്. തൊഴിലാളികൾ അറിയിച്ചതിനെത്തുടർന്ന് കാമ്പസിലെ ജോയന്റ് രജിസ്ട്രാർ രാജ്‌നാരായൺ വനംവകുപ്പിനെ വിവരമറിയിച്ചു. വകുപ്പിന്റെ പരുത്തിപ്പള്ളിയിലുള്ള റാപ്പിഡ് റെസ്‌പോൺസ് ടീം (ആർ.ആർ.ടി.) കാമ്പസിലെത്തിയെങ്കിലും രാത്രിയായതിനാൽ രക്ഷാപ്രവർത്തനം നടത്താനായില്ല. മുള്ളൻപന്നി ചത്തുവെന്നു കരുതി, കിണർ മണ്ണിട്ടുമൂടാൻ ഉപദേശിച്ചിട്ടാണ് അവർ തിരിച്ചുപോയതെന്ന് കാമ്പസ് അധികൃതർ പറയുന്നു.
മുള്ളൻപന്നിക്ക് അനക്കമുണ്ടെന്ന് വ്യാഴാഴ്ച രാവിലെ കാമ്പസ് ജീവനക്കാക്കു മനസ്സിലായതോടെ വീണ്ടും വകുപ്പിനെ അറിയിച്ചെങ്കിലും അവരെത്തിയില്ലെന്ന് കാമ്പസ് ജീവനക്കാർ ആരോപിച്ചു. രക്ഷാപ്രവർത്തനത്തിനിടെ മുള്ളൻപന്നി ചത്താൽ കേസാകുമെന്നു ഭയന്ന് മറ്റാരും രക്ഷിക്കാനിറങ്ങിയില്ല. എന്നാൽ, പഴങ്ങളും വെള്ളവും ജീവനക്കാർ കിണറിലേക്ക് ഇറക്കിക്കൊടുത്തു. രക്ഷാപ്രവർത്തനത്തിനു നിർദേശിക്കണമെന്ന് വനംമന്ത്രിയുടെ ഓഫീസിനോട് സംസ്ഥാന വന്യജീവി ഉപദേശകസമിതി മുൻ അംഗവും കാമ്പസിലെ ജന്തുശാസ്ത്രം അധ്യാപകനുമായ സൈനുദ്ദീൻ പട്ടാഴിയും ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച രാവിലെ ആർ.ആർ.ടി. വന്ന്, മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ സംഘാംഗത്തെ കിണറ്റിലിറക്കിയെങ്കിലും മുള്ളൻപന്നിയെ രക്ഷിക്കാനായില്ല. പിന്നീട് സംഘത്തിലെ മറ്റൊരാളെ പ്ലാസ്റ്റിക് വടത്തിൽ കെട്ടി താഴേക്കിറക്കി, വലയിലാക്കിയ മുള്ളൻപന്നിയെ കരയ്ക്കുകയറ്റി. തുടർന്ന് മുള്ളൻപന്നിയെ വന്യജീവികൾക്കായുള്ള കോട്ടൂരിലുള്ള ആശുപത്രിലാക്കി. ചികിത്സയ്ക്കും നിരീക്ഷണത്തിനും ശേഷം പിന്നീട് കാട്ടിലേക്കു വിടും.
ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഷാജി ജോസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജി.എസ്.രോഷ്‌നി, രാഹുൽ, ശരത്, നിഷാദ് എന്നിവരാണ് രക്ഷാസംഘത്തിലുണ്ടായിരുന്നത്.
മനഃപൂർവം വൈകിയില്ലെന്ന് ആർ.ആർ.ടി.
: രക്ഷാപ്രവർത്തനം മനഃപൂർവം വൈകിച്ചിട്ടില്ലെന്ന് ആർ.ആർ.ടി. പ്രതിനിധി പറഞ്ഞു. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് ആർ.ആർ.ടി.ക്ക്് ആദ്യം അറിയിപ്പു കിട്ടിയത്. ഒരു മണിക്കൂർകൊണ്ട്് കാമ്പസിലെത്തി. ആ സ്ഥലത്ത് രാത്രി പൊട്ടക്കിണറ്റിലിറങ്ങുന്നത് സുരക്ഷിതമായിരുന്നില്ല. ആർ.ആർ.ടി.ക്ക് ജില്ലയിൽ ആകെയുള്ള ഒരു വാഹനത്തിന് അറ്റകുറ്റപ്പണി വേണ്ടിവന്നതുകൊണ്ടാണ് വ്യാഴാഴ്ച വരാനാകാഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Indian crested porcupine trapped in well at thiruvananthapuram, rescued
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..