Representative Image| Photo: AP
ന്യൂഡല്‍ഹി: ഒരിടവേളക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 3016 കോവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് നിരക്കാണിത്. ഇതിനിടെ രാജ്യത്തെ സജീവ കോവിഡ് രോഗികളുടെ എണ്ണം 13,509 ആയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജിന്റെ അധ്യക്ഷതയില്‍ ഉച്ചയ്ക്ക് 12-നാണ് യോഗം ചേരുക.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 14 കോവിഡ് ബാധിത മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ എട്ട് മരണങ്ങളും കേരളത്തിലാണ്. മൂന്ന് മരണങ്ങള്‍ മഹാരാഷ്ട്രയിലും ഡല്‍ഹിയില്‍ രണ്ടും ഹിമാചല്‍ പ്രദേശില്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കോവിഡ് വ്യാപിക്കുന്നതിനിടെ കേരളം കേസുകളുടെ എണ്ണം പരസ്യമാക്കുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. കണക്കുകള്‍ വെളിപ്പെടുത്താന്‍ തങ്ങള്‍ക്ക് അനുവാദമില്ലെന്നാണ് ജില്ലാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്. അതതുദിവസം കണക്കുകള്‍ ഡയറക്ടറേറ്റിലേക്ക് നല്‍കാനാണ് നിര്‍ദേശമെന്നും ഇവര്‍ പറയുന്നു. മാധ്യമങ്ങള്‍ കണക്കുകള്‍ക്കായി വിളിക്കുമ്പോള്‍ തങ്ങളുടെ ചുമതലയല്ലെന്നുപറഞ്ഞ് ഉത്തരവാദപ്പെട്ടവര്‍ കൈയൊഴിയുകയാണ്.
ഡയറക്ടറേറ്റില്‍നിന്ന് കണക്കുകള്‍ ഔദ്യോഗികമായി പുറത്തുവിടുന്നില്ല. സംസ്ഥാനം സ്വന്തംനിലയില്‍ കണക്കുകള്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്രനിര്‍ദേശമുള്ളതായാണ് ഡയറക്ടറേറ്റില്‍നിന്ന് നല്‍കുന്ന വിവരം.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടനുസരിച്ച് കേസുകള്‍ ഉയരുന്ന നിരക്കില്‍ കേരളം ഒന്നാമതാണ്. രാജ്യത്തെ ആകെ രോഗികളില്‍ നാലിലൊന്നും കേരളത്തിലാണെന്നാണ് കണക്കുകള്‍.
Content Highlights: India reports 3,016 fresh Covid-19 cases, highest in nearly six months
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..