ന്യൂഡല്‍ഹി: പുതിയ സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുന്നതില്‍ ഇന്ത്യ ആര്‍ക്കും പുറകിലല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെര്‍വീസ് സെന്റ്രസ് അതോറിറ്റി സംഘടിപ്പിച്ച ഇന്‍ഫിനിറ്റി ഫോറം എന്ന പരിപാടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ വര്‍ഷം ചരിത്രത്തില്‍ ആദ്യമായി രാജ്യത്ത് മൊബൈലിലൂടെയുള്ള പണമിടപാടുകള്‍ എ.ടി.എം ഇടപാടുകളെ മറികടന്നു. ഒരു പരമ്പരാഗത ബ്രാഞ്ച് ഓഫീസ് പോലും ഇല്ലാത്ത പൂര്‍ണമായും ഡിജിറ്റലായി പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ ഇന്നൊരു യാഥാര്‍ഥ്യമാണ്. കുറഞ്ഞകാലം കൊണ്ട് തന്നെ രാജ്യത്ത് ഇത്തരം ബാങ്കുകള്‍ സര്‍വ്വസാധാരണമാകും. 

ഫിനാഷ്യല്‍ ടെക്‌നോളജി സംരഭങ്ങളില്‍ നിന്ന് ഫിനാഷ്യല്‍ ടെക്‌നോളജി വിപ്ലവത്തിലേക്കുള്ള മാറ്റത്തിന്റെ സമയമാണിത്. രാജ്യത്തെ ഓരോ പൗരനും സാമ്പത്തിക ശാക്തീകരണം നല്‍കാന്‍ സഹായിക്കുന്നതാവണം ആ വിപ്ലവം, പ്രധാനമന്ത്രി പറഞ്ഞു.

നമ്മുടെ അനുഭവങ്ങളും വൈദഗ്ധ്യവും മറ്റുള്ളവര്‍ക്ക് പങ്കുവെയ്ക്കുന്നതിലും അവരില്‍ നിന്ന് കൂടുതല്‍ മനസ്സിലാക്കുന്നതിലുമാണ് നാം വിശ്വസിക്കുന്നത്. നമ്മുടെ സാങ്കേതിക സംവിധാനങ്ങള്‍ക്ക് ലോകത്തിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

Content Highlights: India has proved it is second to none in adopting technology, says PM Modi