ന്യൂഡല്‍ഹി: അയോധ്യ വിധിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചതായി ബംഗ്ലാദേശ് മാധ്യമങ്ങളുടെ പ്രചാരണത്തില്‍ അപലപിച്ച് ഇന്ത്യ. വിദ്വേഷം സൃഷ്ടിക്കുന്ന വ്യാജപ്രചാരണമാണിതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

ഇത്തരം വ്യാജവാര്‍ത്തകള്‍ മനപ്പൂര്‍വ്വം പ്രചരിപ്പിച്ചതില്‍ അപലപിക്കുന്നു. ഇന്ത്യയിലേയും ബംഗ്ലാദേശിലേയും ജനങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ്കുമാര്‍ പറഞ്ഞു.

നടപടിയില്‍ ഇന്ത്യ ശക്തമായി അപലപിക്കുന്നു. ഇത്തരം വ്യാജവാര്‍ത്ത സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുകയും അപസ്വരം സൃഷ്ടിക്കുകയും ചെയ്യുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ചീഫ് ജസ്റ്റിസിനെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി അയച്ചെന്ന് പറയുന്ന കത്ത് പൂര്‍ണ്ണമായും വ്യാജമാണെന്ന് ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു. ഇത്തരത്തിലൊരു കത്ത് ബംഗ്ലാദേശിലെ പ്രാദേശിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഹൈക്കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പൂര്‍ണ്ണമായും വ്യജമായ കത്ത് ബംഗ്ലാദേശിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. ഇത് വളരെ മോശമായ കാര്യമാണെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ പ്രസ്താവനയില്‍ പറയുന്നു.

Content Highlights: India condemns fake reports in Bangladesh of PM congratulating CJI over Ayodhya verdict