കോഴിക്കോട്: ഒരു പക്ഷെ സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ചരിത്രത്തില്‍ ഇത്ര നിറം കുറഞ്ഞ ഒരു സ്വാതന്ത്ര്യ ദിനാഘോഷമുണ്ടായിരുന്നില്ല. മനുഷ്യന്റെ സര്‍വസ്വത്തിനും ഒരു വൈറസ് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ പതാക ഉയര്‍ത്താന്‍ പോലും പ്രമുഖരില്ലാതെ,പായസത്തിന്റെ മധുരമില്ലാതെ,ത്രിവര്‍ണ പതാക പോലും കാര്യമായി വില്‍പ്പന നടത്താത്ത ഒരു സ്വാതന്ത്ര്യ ദിനാഘോഷം.
പ്രളയകാലത്ത് പോലും നാടും നഗരവും ആഘോഷഭരിതമായിരുന്നു ആഗസ്ത് 15ന്. കുഞ്ഞുകുട്ടികളുടെ ഘോഷയാത്രയും പായസവിതരണവുമെല്ലാമായി നിറഞ്ഞ് നിന്ന സ്വാതന്ത്ര്യ ദിനം. കണ്ണില്‍ കാണാത്ത വെറസിന് മുന്നില്‍ മനുഷ്യന്‍ തലുകുനിക്കേണ്ടി വന്നപ്പോള്‍ സ്വന്തം കൈവിരലിനെ പോലും വിശ്വാസമില്ലാതെ വീട്ടിലിരിക്കേണ്ട അവസ്ഥയിലായി കുട്ടികള്‍ പോലും. പലയിടങ്ങളിലും പതാക ഉയര്‍ത്തേണ്ട പ്രമുഖര്‍ നിരീക്ഷണത്തിലോ, കോവിഡ് രോഗികളോ ആയി മാറിയിരിക്കുന്നു. സ്വപ്‌നത്തില്‍ പോലും പതാക ഉയര്‍ത്താന്‍ കഴിയുമെന്ന് പ്രതീക്ഷയില്ലാത്തവര്‍ ജില്ലകളെ പ്രതിനിധീകരിച്ച് പതാക ഉയര്‍ത്തി. മന്ത്രിമാരും പരിവാരങ്ങളുമില്ലാതെ തികച്ചും നിറം മങ്ങിയ സ്വാതന്ത്ര്യ ദിനാഘോഷം.
കോഴിക്കോട് വെസ്റ്റ്ഹില്‍ ക്യാപ്റ്റന്‍ വിക്രം മൈതാനിയിലാണ് ജില്ലാ തല സ്വാതന്ത്ര്യ ദിനാഘോഷം നടന്നത്. കോവിഡ്, ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് ആഘോഷം സംഘടിപ്പിച്ചത്‌ത്. രാവിലെ ഒന്‍പത് മണിക്ക് നടക്കുന്ന പരേഡില്‍ എ.ഡി.എം റോഷ്‌നി നാരായണന്‍ അഭിവാദ്യം സ്വീകരിച്ചു. കോവിഡ് ഭീതിയുള്ളതിനാല്‍ ജില്ലാ കളക്ടറോ, മന്ത്രിമാരോ പരിപാടിയില്‍ പങ്കെടുത്തില്ല.
കോവിഡ് വ്യാപനം രൂക്ഷമായ മലപ്പുറത്ത് എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ രാവിലെ ഒമ്പത് മണിക്ക് ലാന്റ് റവന്യൂ ഡെപ്യൂട്ടി കലക്ടര്‍ ഒ. ഹംസയാണ് ദേശീയ പതാക ഉയര്‍ത്തിയത്. ജില്ലയില്‍ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഡെപ്യൂട്ടി കളക്ടര്‍ പതാക ഉയര്‍ത്തിയത്. നിരീക്ഷണത്തിലായതിനാല്‍ മന്ത്രിമാരും പങ്കെടുത്തില്ല.
വയനാട് ജില്ലയില്‍ കളക്ടര്‍ അദീല അബ്ദുള്ള തന്നെയാണ് പതാക ഉയര്‍ത്തിയത്. എസ്.കെ.എം.ജെ സ്‌കൂളില്‍ വളരെ ലളിതമായതായിരുന്നു ചടങ്ങ്.
പൊതുജനങ്ങള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് ചടങ്ങില്‍ പ്രവേശനമുണ്ടായിരുന്നില്ല. എല്ലാ അംഗങ്ങളെയും ക്ഷണിതാക്കളെയും പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്‌കാനിംഗിന് വിധേയമാക്കി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..