തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി മദ്യവില്‍പന പുനരാരംഭിച്ചതിന് പിന്നാലെ വെയര്‍ഹൗസുകളുടെ മാര്‍ജിന്‍ കൂട്ടിയ ബെവ്‌കോ നടപടിക്കെതിരെ ബാറുടമകള്‍. ഉദ്യോഗസ്ഥര്‍ക്ക്കമ്മീഷന്‍ തട്ടാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ മാര്‍ജിന്‍ വര്‍ധിപ്പിച്ചതെന്ന് ബാറുടമകള്‍ പറഞ്ഞു.

ബാറുകള്‍ക്ക് എട്ട് ശതമാനത്തില്‍ നിന്ന് 25 ശതമാനമായും കണ്‍സ്യൂമര്‍ഫെഡിന് എട്ടില്‍ നിന്ന് 20 ശതമാനമായുമാണ് മാര്‍ജിന്‍ ഉയര്‍ത്തിയിരുന്നത്. ഇതില്‍ കണ്‍സ്യൂമര്‍ഫെഡും ബാറുടമകളും പ്രതിഷേധത്തിലാണ്. പ്രതിഷേധത്തിന്റെ ഭാഗമായി നാളെ മുതല്‍ ബാറുകള്‍ തുറക്കില്ലെന്നാണ് ഫെഡറേഷന്‍സ് ഓഫ് ഹോട്ടല്‍ അസോസിയേഷന്റെ തീരുമാനം.

ഇതിന് പിന്നാലെയാണ് ബെവ്‌കോയിലെ ഉന്നത ഉദ്യോഗഗസ്ഥര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ബാറുകളുടേയും കണ്‍സ്യൂമര്‍ഫെഡുകളുടേയും പ്രവര്‍ത്തനം അനിശ്ചത്വത്തിലായാല്‍ മുഴുവന്‍ വില്‍പനയും ബീവറേജ് ഔട്ട്‌ലെറ്റുകള്‍ക്ക് ലഭിക്കും.

അതിലൂടെ മദ്യ വിതരണ കമ്പനികളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ കമ്മീഷന്‍ ലഭിക്കുമെന്നും ബാറുടമകള്‍ പറഞ്ഞു. അതേ സമയം സര്‍ക്കാര്‍ വൃത്തങ്ങള്‍ ബാറുടമകളുമായി ചര്‍ച്ച നടത്തിവരുന്നുണ്ട്.