പമ്പ: ശബരിമലയില്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിത്തുടങ്ങിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച 11 മണിവരെ 38,000 തീര്‍ഥാടകര്‍ ദര്‍ശനം നടത്തിയതായാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറയുന്നത്. 65,000ല്‍ കൂടുതല്‍ പേരാണ് വ്യാഴാഴ്ച സന്നിധാനത്തെത്തിയത്. കേരളത്തിന് പുറത്തുനിന്നുമുള്ളവരാണ് കൂടുതലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടെങ്കിലും പ്രതിഷേധങ്ങള്‍ കുറഞ്ഞതോടെ പോലീസ് നിയന്ത്രണത്തിലും അയവ് വന്നിട്ടുണ്ട്. എന്നാല്‍ തീര്‍ഥാടകരുടെ എണ്ണം കൂടിയത് അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. വിരിവെക്കാന്‍ സൗകര്യം ലഭിക്കാതെ ഒട്ടേറെ പേര്‍ ബുദ്ധിമുട്ടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തീര്‍ഥാടകരുടെ എണ്ണം കൂടിയതോടെ നടവരവിലും വര്‍ധന ഉണ്ടായി.

കെ.എസ്.ആര്‍.ടി.സി ഇതുവരെ 400ലേറെ സര്‍വീസുകള്‍ നടത്തിയതായി അധികൃതര്‍ പറഞ്ഞു. 

ശബരിമലയിലും പരിസര പ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ശനിയാഴ്ച രാത്രി 12 മണിക്കാണ് അവസാനിക്കുക. പോലീസിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ജില്ലാ കളക്ടറാണ് നിരോധനാജ്ഞ നീട്ടണോ എന്ന് തീരുമാനിക്കുക.