കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രതിയായ മുന്‍മന്ത്രി കെ.ബാബുവിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി നോട്ടീസ് അയച്ചു. ജൂലൈ രണ്ടിന് ബാബു നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 

മന്ത്രിയും എംഎല്‍എയുമായിരുന്ന സമയത്ത് ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് കാട്ടി വിജിലന്‍സ് സമര്‍പ്പിച്ച കുറ്റപത്രം ഫയലില്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് ബാബുവിനോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍, കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബാബു ഹൈക്കോടതിയെ സമീപിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

വരവിനേക്കാള്‍ 45 ശതമാനം അധികമാണ് ബാബുവിന്റെ സ്വത്ത് എന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍. കേസില്‍ ബാബുവിന്റെ വാദം കോടതി കേള്‍ക്കും. തുടര്‍ന്ന് കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചതിന് ശേഷമാണ് വിചാരണയിലേക്ക് കടക്കുക. 

എന്നാല്‍, ബാബുവിന്റെ ബിനാമികള്‍ എന്ന് കണ്ടെത്തിയിരുന്നു ബാബുറാം, ബേക്കറി ഉടമ മോഹനന്‍ എന്നിവരെ കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിന് പുറമെ കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്ന നിലപാടും വിജിലന്‍സ് കോടതിയില്‍ സ്വീകരിച്ചിട്ടുണ്ട്.

ഡിജിപി ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരുന്ന സമയത്താണ് കെ.ബാബുവിനെതിരേ കേസെടുക്കുന്നതും റെയ്ഡ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതും. 

നേരത്തെ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ തന്റെ മൊഴി വീണ്ടും രേഖപ്പെടുത്തണമെന്ന് ബാബു ആവശ്യപ്പെട്ടതും അന്നത്തെ വിജിലന്‍സ് ഡയറക്ടറായിരുന്ന ലോക്‌നാഥ് ബെഹ്‌റ ആവശ്യം അംഗീകരിച്ചതും വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Content Highlights: Inappropriate asset case, Former Minister, K.Babu,  Vigilance, Charge sheet.