കൊച്ചി: കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയിലേക്ക് പോയ വോട്ടുകള്‍ തിരിച്ചുവന്നത് തൃപ്പൂണിത്തുറയില്‍ തന്റെ വിജയത്തില്‍ നിര്‍ണായകമായതായി യുഡിഎഫ് സ്ഥാനാര്‍ഥിയും മുന്‍ മന്ത്രിയുമായ കെ.ബാബു. എന്നാല്‍ അവ ബിജെപിയുടെ രാഷ്ട്രീയ വോട്ടുകള്‍ ആയിരുന്നില്ലെന്നും അന്നത്തെ സാഹചര്യത്തില്‍ യുഡിഎഫിന് നഷ്ടപ്പെട്ട വോട്ടുകളായിരുന്നെന്നും കെ.ബാബു പറഞ്ഞു. മണ്ഡലത്തില്‍ ശബരിമല വിഷയം ദുരുപയോഗം ചെയ്‌തെന്നാരോപിച്ച് സിപിഎം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്ന പശ്ചാത്തലത്തില്‍ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേസ് വന്നാല്‍ ശക്തമായിത്തന്നെ നേരിടും. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം അതേക്കുറിച്ച് കൂടുതല്‍ പ്രതികരണത്തിനില്ല. എന്നാല്‍, തൃപ്പൂണിത്തുറയില്‍ ഞങ്ങള്‍ പ്രതീക്ഷിച്ച വിജയത്തിലേക്ക് എത്താനായില്ല എന്നതാണ് വാസ്തവം. മരടിലും മണ്ഡലത്തിന്റെ പടിഞ്ഞാറന്‍ മേഖയിലും കൂടുതല്‍ വോട്ടുകള്‍ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും കെ.ബാബു വ്യക്തമാക്കി.

അവസാന റൗണ്ട് വരെ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന തൃപ്പൂണിത്തുറയില്‍ 992 വോട്ടുകള്‍ക്കാണ് കെ.ബാബു സിറ്റിങ് എംഎല്‍എ കൂടിയായ സിപിഎമ്മിന്റെ എം.സ്വരാജിനെ പരാജയപ്പെടുത്തിയത്. 25 വര്‍ഷം ബാബു തുടര്‍ച്ചയായി എംഎല്‍എ ആയിരുന്ന മണ്ഡലത്തില്‍, ബാര്‍ കോഴ വിവാദം ആഞ്ഞടിച്ച കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്വരാജ് 4471 വോട്ടുകളുടെ അപ്രതീക്ഷിത വിജയം സ്വന്തമാക്കുകയായിരുന്നു. ആ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായെത്തിയ തുറവൂര്‍ വിശ്വംഭരന്‍ 29,843 വോട്ടുകള്‍ നേടി വന്‍ മുന്നേറ്റം നടത്തുകയും ചെയ്തു. ഇത്തവണ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണനെ രംഗത്തിറക്കിയെങ്കിലും ബിജെപിയ്ക്ക് ആറായിരത്തിലേറെ വോട്ടുകളുടെ കുറവുണ്ടാവുകയാണ് ചെയ്തത്.

താന്‍ മാറി നിന്നപ്പോള്‍ ജനങ്ങള്‍ക്ക് ഒരു എംഎല്‍എയുടെ കുറവ് അനുഭവപ്പെട്ടെന്ന് ബാബു പറയുന്നു. നിലവിലുണ്ടായിരുന്ന എംഎല്‍എ ജനങ്ങള്‍ക്ക് പ്രാപ്യനായിരുന്നില്ല. പല പ്രഖ്യാപനങ്ങളും ഉണ്ടായെങ്കിലും വികസന പ്രവര്‍ത്തനങ്ങളും കാര്യമായി നടന്നില്ല. ശബരിമല വിഷയത്തിലെ എംഎല്‍എയുടെ പരാമര്‍ശങ്ങളും ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനായില്ല.

കഴിഞ്ഞ വട്ടം ബിജെപിയിലേക്ക് പോയ വോട്ടുകള്‍ തിരിച്ചുവരുമെന്ന് നേരത്തേ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. തുറവൂര്‍ വിശ്വംഭരന് വോട്ടു സമാഹരിക്കാനായത് അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവം കൊണ്ടായിരുന്നു. അദ്ദേഹത്തിന്റെ ധാരാളം ശിഷ്യന്‍മാര്‍ മണ്ഡലത്തില്‍ ഉണ്ടായിരുന്നു. അന്ന് മോദി തൃപ്പൂണിത്തുറയില്‍ പ്രചാരണത്തിന് എത്തിയതും വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കാം.

2016 ബിജെപി അധികാരത്തിന്റെ തുടക്കകാലമായിരുന്നു. ആ പ്രതിച്ഛായയല്ല, ഇന്ധന വില വര്‍ധനയിലും പാളിയ കോവിഡ് പ്രതിരോധത്തിലും മറ്റു ജനദ്രോഹ നയങ്ങളിലും നട്ടം തിരിയുന്ന ജനങ്ങള്‍ക്കിടയില്‍ അവര്‍ക്ക് ഇപ്പോഴുള്ളത്. അഞ്ചു ശതമാനം വോട്ടു വിഹിതം മാത്രമാണ് ബിജെപിയ്ക്ക് മണ്ഡലത്തില്‍ ഉണ്ടായിരുന്നതെന്ന് മുന്‍ തിരഞ്ഞെടുപ്പുകളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. അതില്‍ നിന്ന് ഏറെയൊന്നും അവര്‍ക്ക് മുന്നോട്ടുപോകാന്‍ കഴിഞ്ഞിട്ടില്ലെന്നും കെ.ബാബു കൂട്ടിച്ചേര്‍ത്തു.