കൊച്ചി: മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതകള്‍ക്കെതിരേ ഹൈക്കോടതി സ്വമേധയാ ഫയലില്‍ സ്വീകരിച്ച പൊതുതാല്‍പര്യ ഹര്‍ജിക്ക് ഇനി 'ബ്രൂണോ'യുടെ പേര്. കഴിഞ്ഞ ദിവസം തിരുവനന്തപുരം അടിമലത്തുറയില്‍ ക്രൂരമായി കൊല്ലപ്പെട്ട ബ്രൂണോ എന്ന വളര്‍ത്തുനായയുടെ പേര് ഈ കേസിന് നല്‍കാന്‍ ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു.

'പൊതുതാല്‍പര്യ ഹര്‍ജിയുടെ പേര് “In Re: Bruno (Suo Moto Public Interest Litigation Proceedings initiated by the High Court in the matter of executive and legislative inaction of the State Government in the matter of Protection of Animal Rights” എന്നാക്കി മാറ്റാന്‍ രജിസ്ട്രിയോട് നിര്‍ദേശിക്കുന്നു. ഇത്തരമൊരു ഹര്‍ജിക്ക് ഇടയാക്കിയ സംഭവത്തില്‍, മനുഷ്യന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട ഹതഭാഗ്യനായ നായയുടെ പേര് ഹര്‍ജിക്ക് നല്‍കുന്നത് ഉചിതമായ ആദരവായിരിക്കുമെന്ന് കോടതി കരുതുന്നു', ഉത്തരവില്‍ പറയുന്നു. ജസ്റ്റിസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, പി. ഗോപിനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ബ്രൂണോയ്ക്കു നേരെയുണ്ടായ ക്രൂരത അടക്കം, മൃഗങ്ങളോട് കാട്ടുന്ന ക്രൂരതകള്‍ സംബന്ധിച്ച് അടുത്തിടെ ഉണ്ടായ സംഭവങ്ങളിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. വ്യാഴാഴ്ച ഹൈക്കോടതി ഇറക്കിയ ഉത്തരവിലാണ് ഈ കേസ് ബ്രൂണോയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യാന്‍ തീരുമാനിച്ചത്. മൃഗങ്ങളുടെ അവകാശം സംരക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം സംബന്ധിച്ചാണ് ഹര്‍ജി. ദീര്‍ഘകാലാടിസ്ഥാനത്തില്‍ മൃഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹര്‍ജിയെന്ന് കോടതി വ്യക്തമാക്കി.

മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരം, മൃഗങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മൃഗങ്ങള്‍ക്കെതിരായ ക്രൂരതകള്‍ തുടര്‍ച്ചയായി വാര്‍ത്തയാകുന്ന സാഹചര്യത്തില്‍, ക്രൂരതകള്‍ തടയുക മാത്രമല്ല ക്രൂരതയ്ക്ക് ഇരയാകുന്ന മൃഗങ്ങള്‍ക്ക് സഹായകരമായ നടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് കോടതി പറഞ്ഞു.

ബ്രൂണോ എന്ന നായയ്ക്കു നേരെ നടന്ന ക്രൂരത സംബന്ധിച്ച കേസിലെ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടു. ബ്രൂണോയുടെ ഉടമ നല്‍കിയ പരാതിയില്‍ ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് അടുത്ത തവണ ഹര്‍ജി പരിഗണിക്കുന്നതിനു മുന്‍പായി സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

കഴിഞ്ഞ ദിവസമാണ് വളര്‍ത്തു നായയെ ചൂണ്ടക്കൊളുത്തില്‍ തൂക്കി ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ വാർത്ത പുറത്തുവന്നത്. ക്രിസ്തുരാജ് എന്നയാള്‍ വളര്‍ത്തിയ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ബ്രൂണോ എന്ന നായയാണ് ക്രൂരതയ്ക്കിരയായത്. വിഴിഞ്ഞം അടിമലത്തുറയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ നാട്ടുകാരായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Content Highlights: In Re Bruno- Kerala High Court renames suo motu case on animal cruelty in the memory of dog killed by men