കെ.എസ്. ശബരീനാഥൻ, പുറത്തുവന്ന വാട്സ്ആപ്പ് ചാറ്റ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിനുള്ളില്‍ കരിങ്കൊടി കാണിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ.എസ്. ശബരിനാഥന് കുരുക്കില്‍. വിഷയത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തിനിടെ ശബരീനാഥന്റേതെന്ന് സംശയിക്കുന്ന വാട്സ്ആപ്പ് ചാറ്റിന്റെ വിവരങ്ങള്‍ പുറത്തുവന്നു. ഇതേത്തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശബരിനാഥന് പോലീസ് നോട്ടീസ് നല്കി.
മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് വിമാനത്തില്‍ വരുന്നുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ശബരിനാഥന്റെ പേരിലുള്ള സന്ദേശം കാണുന്നത്. വിമാനത്തിനുള്ളില്‍വെച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാമെന്ന ആശയം ഇതില്‍ പങ്കുവെക്കുന്നുണ്ട്. വിമാനത്തില്‍ വെച്ച് കരിങ്കൊടി കാണിച്ചാല്‍ പുറത്താക്കാന്‍ പറ്റില്ലല്ലോ എന്നും ഇതില്‍ ചോദിക്കുന്നു.
എന്നാല്‍, ഈ വാട്സ്ആപ്പ് ചാറ്റിന്റെ ആധികാരികത വ്യക്തമായിട്ടില്ല. സംഭവം നടന്ന അന്നുതന്നെയാണോ ഈ ചാറ്റ് നടന്നതെന്നോ, യൂത്ത് കോണ്‍ഗ്രസിന്റെ ഏത് ഗ്രൂപ്പിലാണ് ഇത്തരമൊരു ചാറ്റ് നടന്നതെന്നോ വ്യക്തമല്ല. എന്നാല്‍, വിഷയം സിപിഎം ഏറ്റെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സ്ഥാപിക്കാന്‍ സിപിഎം കേന്ദ്രങ്ങള്‍ ഈ വാട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിക്കുന്നുമുണ്ട്.
അതേസമയം വിഷയത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചാറ്റിന്റെ സ്ക്രീന്‍ഷോട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ശബരിനാഥനെ പോലീസ് ചോദ്യം ചെയ്യും. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച സംഭവത്തിലെ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടാണ് പോലീസ് ചോദ്യം ചെയ്യുക. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശംഖുമുഖം എസി ശബരിനാഥന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കിയത് ശബരിനാഥനാണെന്ന് വിവരം കിട്ടിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. അതേസമയം ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റുകളാണ് പുറത്തുവന്നത് എന്നതില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് വിവരം. സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കങ്ങളാണ് ചാറ്റുകള്‍ പുറത്തുപോകാന്‍ കാരണമെന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പ് ആവശ്യപ്പെടുന്ന ഒരുവിഭാഗമാണ് ഈ വിവരങ്ങള്‍ ചോര്‍ത്തി പുറത്തുവിട്ടതെന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..