കൊച്ചി: കനത്ത മഴയെ തുടർന്ന് എറണാകുളത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ആലുവ, മട്ടാഞ്ചേരി, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലാണ് ക്യാമ്പുകൾ തുറന്നത്. അതേസമയം  മലങ്കര ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു.

31 കുടുംബങ്ങളിലെ സത്രീകളും കുട്ടികളും ഉൾപ്പെടെ 91 പേരെയാണ് മാറ്റി പാർപ്പിച്ചത്. കുട്ടമ്പുഴയിൽ നിന്നുള്ള 18 കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റിയത്.

കനത്തമഴയിലും മിന്നലിലും എറണാകുളം ജില്ലയിൽ വ്യാപക നാശനഷ്ടം ഉണ്ടായി. ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ടാണ്.

ഇന്നലെയുണ്ടായ കനത്ത മിന്നലിൽ മൂക്കന്നൂർ പഞ്ചായത്തിൽ വ്യാപക നാശനഷ്ടം ഉണ്ടായി. നിരവധി പേർക്ക് വൈദ്യുതാഘാതമേറ്റു. ആർക്കും ഗുരുതരമായ പരിക്കില്ല. പ്രദേശത്തെ 17 വീടുകൾക്ക് നാശനഷ്ടമുണ്ടായി. നിരവധി വൈദ്യുത ഉപകരണങ്ങളും നശിച്ചു. ഇളയിടത്ത് ഡേവീസിന്റെ വീടിന്റെ സൺഷേഡിന്റെ ഒരുഭാഗം തെറിച്ചുപോയി.

വീടിന്റെ പിന്നിലുള്ള ശൗചാലയത്തിന്റെ ജനൽ തകർന്നുവീണു. വീടിന്റെ ഭിത്തികൾക്കും വിള്ളൽ വീണു. ജനൽച്ചില്ലുകൾ തകർന്നു. സർവീസ് വയർ അടക്കം കത്തിനശിക്കുകയും ചെയ്തിരുന്നു.

Content Highlights:In Ernakulam 31 families were relocated to relief camps