ഇമ്രാൻ മുഹമ്മദ്
അങ്ങാടിപ്പുറം: 18 കോടിയുടെ മരുന്നിന് കാത്തുനില്‍ക്കാതെ കുഞ്ഞു ഇമ്രാന് മുഹമ്മദ് വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. ചൊവ്വാഴ്ച രാത്രി 11.30-ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരണത്തിന് കീഴടങ്ങി. ചികിത്സയ്ക്കായി ലോകംമുഴുവന്‍ കൈകോര്‍ത്ത് പതിനാറരകോടിരൂപ സമാഹരിച്ചത് അറിയാതെയാണ് മടക്കം. അണുബാധയാണ് പെട്ടെന്നുള്ള മരണകാരണമായി പറയുന്നത്.
സ്പൈനല്‍ മസ്കുലാര്‍ അട്രോഫി ബാധിച്ച് മൂന്നരമാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ െവന്റിലേറ്ററിലായിരുന്നു വലമ്പൂര്‍ കുളങ്ങരത്തൊടി ആരിഫിന്റെയും റമീസ തസ്നിയുടേയും മകനായ ആറ്മാസം പ്രായമുള്ള ഇമ്രാന്. പ്രസവിച്ച് 17 ദിവസമായപ്പോഴാണ് ഇമ്രാന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ഇമ്രാനെയുംകൊണ്ട് മാതാപിതാക്കള്‍ ആശുപത്രികളിലൂടെ കുഞ്ഞിന്റെ ജീവന് രക്ഷിക്കാനുള്ള യാത്ര തുടങ്ങി. പെരിന്തല്‍മണ്ണ മൗലാന ആശുപത്രി, കോഴിക്കോട് മിംസ് ആശുപത്രി എന്നിവിടങ്ങളിലെ ചികിത്സയ്ക്കുശേഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയത്.
18 കോടി വിലപിടിപ്പുള്ള ഒറ്റ ഡോസ് മരുന്ന് വിദേശത്തുനിന്ന് ഇറക്കുമതിചെയ്യണം. ഇതിനായി മങ്കട നിയോജകമണ്ഡലം എം.എല്‍.എ. മഞ്ഞളാംകുഴി അലി ചെയര്‍മാനായി ഇമ്രാന് ചികിത്സാസഹായസമിതി രൂപവ്തകരിച്ചിരുന്നു. ജനപ്രതിനിധികളും നാട്ടുകാരും സന്നദ്ധസംഘടനകളും ക്ലബ്ബുകളും തൊഴിലാളികളും ഡ്രൈവര്‍മാരുമടക്കം ലോക മലയാളികള്‍ കൈകോര്‍ത്ത് സമൂഹസമാഹരണം വഴി ഇമ്രാന്റെ ചികിത്സയ്ക്ക് ഇതിനകം പതിനാറരക്കോടി രൂപ സമാഹരിച്ചിരുന്നു. ബാക്കി ഒന്നരക്കോടികൂടി ലഭ്യമാകുമെന്ന് പ്രതീക്ഷയിലായിരുന്നു ഇമ്രാന്റെ കുടുംബവും ചികിത്സാ സമിതിയും.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..