തിരുവനന്തപുരം : മാസ്‌ക് ധരിക്കാത്ത 4944 സംഭവങ്ങള്‍ ഇന്ന് മാത്രം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്വാറന്റീന്‍ ലംഘിച്ച 12 കേസുകളും jരജിസ്റ്റര്‍ ചെയ്തു. ബ്രേക്ക് ദി ചെയിനിലെ മാസ്‌ക് ധരിക്കുന്നതടക്കമുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കാത്തത് ഗുരുതരമായ പ്രത്യഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അമേരിക്കയിലെ ഒരു പഠനം ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തിയത്.അമേരിക്കയിലെ സെന്റര്‍ ഫോർ ഡിസീസ് കണ്‍ട്രോൾ ആന്റ് പ്രിവന്‍ഷന്‍ പുറത്തിറക്കിയ മോര്‍ബിഡിറ്റി ആന്റ് മോർട്ടാലിറ്റി വീക്ക്‌ലി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് പ്രസക്തമായ പഠന റിപ്പോര്‍ട്ടുള്ളത്.

മിസ്സൂറി സംസ്ഥാനത്തെ സ്പ്രിങ് ഫീല്‍ഡ് നഗരത്തിലെ സലൂണില്‍ ജോലിയെടുത്ത കോവിഡ് ബാധിതരായ രണ്ട് ഹെയര്‍ സ്‌റ്റൈലിസ്റ്റുകളെ കുറിച്ചാണ് പഠനം. മെയ് പകുതിയോടെ കോവിഡ് ലക്ഷണം കാണിച്ച ഇവര്‍ രോഗബാധ സ്ഥിരീകരിക്കുന്നതുവരെ സലൂണില്‍ ജോലിയില്‍ തുടര്‍ന്നു. 139 പേരാണ് ആ സലൂണിലെത്തി ഇവരുടെ സേവനങ്ങള്‍ ഉപയോഗിച്ചത്. ശരാശരി 15 മിനുട്ടാണ് ഓരോ ആള്‍ക്കൊപ്പവും ഇവര്‍ ചെലവഴിച്ചത്. 45 മിനുട്ട് വരെ ചിലരോടൊപ്പം ചെലവഴിച്ചിരുന്നു. 139 പേരുമായി അടുത്തിടപഴകിയിട്ടും 139 പേര്‍ക്കും രോഗം വന്നില്ല. അതിനുള്ള കാരണമായി പഠനത്തില്‍ പറയുന്നത്. ഹെയര്‍സ്റ്റൈലിസ്റ്റുകളും മുടി വെട്ടാന്‍ എത്തിയവരും കൃത്യമായി മാസ്‌ക് ധരിച്ചിരുന്നു എന്നതിനാലാണ്. അവരില്‍ പകുതി പേരും സാധാരണ തുണി മാസ്‌കുകളാണ് ധരിച്ചത് ബാക്കിയുള്ളവര്‍ ത്രി ലെയര്‍ മാസ്‌കും ധരിച്ചു. ഒരു ഹെയര്‍സ്റ്റൈലിസ്റ്റിന്റെ കുടുംബത്തിന് മുഴുവന്‍ രോഗബാധയുണ്ടായി. വീട്ടില്‍ മാസ്‌ക് ഉപയോഗിക്കാത്തതുകൊണ്ടായിരിക്കും അത് സംഭവിച്ചത്. ഇതില്‍ നിന്ന് വ്യക്തമാക്കുന്നത് അടുത്തിടപഴകുന്ന ഘട്ടങ്ങളില്‍ കൃത്യമായി മാസ്‌ക് ധരിച്ചാല്‍ പ്രതിരോധിക്കാനാവും. അതിനാല്‍ തന്നെ എല്ലാവരും മാസ്‌ക് ധരിക്കുക എന്നത് വളരെ പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

content highlights: Importance of mask in preventing Covid, Pinarayi Vijayan details Missouri study during Press meet