തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഓണ്‍ലൈന്‍ ആയി നടത്തണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആള്‍ക്കൂട്ടമില്ലാതെ വിര്‍ച്വല്‍ പ്ലാറ്റ് ഫോമിലേക്ക് മാറ്റുന്നത് പ്രതിരോധത്തിന്റെ വലിയൊരു സന്ദേശം കൂടി ജനങ്ങള്‍ക്ക് നല്‍കുമെന്ന് കരുതുന്നതായും ഐഎംഎ പത്രക്കുറിപ്പില്‍ പറഞ്ഞു.
 
ലോക് ഡൗണ്‍ ഒരാഴ്ചത്തേക്കു കൂടി നീട്ടാന്‍ തീരുമാനിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. ലോക് ഡൗണിന്റെ ഫലപ്രദമായ വിന്യാസവും കോവിഡ് വാക്‌സിനും സോഷ്യല്‍ വാക്‌സിനും മാത്രമാണ് കോവിഡിനെ അതിജീവിക്കുവാന്‍ നമുക്ക് മുന്നിലുള്ള ശാസ്ത്രീയ മാര്‍ഗങ്ങളെന്നും ഐഎംഎ പ്രസ്താവനയില്‍ വ്യക്തമാക്കി. 

വലിയ ജനപിന്തുണ നേടി വീണ്ടും അധികാരത്തില്‍ വരുന്ന സര്‍ക്കാരിനെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുകയും പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സാമൂഹിക അകലം പാലിക്കാതെയും മാസ്‌കുകള്‍ കൃത്യമായി ഉപയോഗിക്കാതെയുമൊക്കെ പ്രചാരണങ്ങളില്‍ ഏര്‍പ്പെട്ടതാണ് കോവിഡ് രണ്ടാം തരംഗത്തിന്റെ പല കാരണങ്ങളിലൊന്ന് എന്ന് വ്യാപകമായി കേരളം ചര്‍ച്ചചെയ്തതാണെന്നും ഐഎംഎ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Content Highlight: IMA urges Kerala govt to conduct swearing-in ceremony online