ഐ എം എ
തിരുവനന്തപുരം: ഡോക്ടര്‍മാര്‍ ചികിത്സാ രംഗത്തേക്ക് കടക്കുന്നതിന് മുന്‍പ് നടത്തുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞയ്ക്ക് പകരം 'ചരക പ്രതിജ്ഞ' ചൊല്ലണമെന്ന ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നിര്‍ദേശത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ).
ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ് രൂപംനല്‍കിയ പ്രതിജ്ഞ 1948-ല്‍ ലോകാരോഗ്യ സംഘടനപരിഷ്‌കരിക്കുകയും ആഗോളതലത്തില്‍ ഉപയോഗിക്കാന്‍ തുടങ്ങിയതുമാണ്. അതു മാറ്റി പകരം ചരക പ്രതിജ്ഞ കൊണ്ടുവരുന്നത് ആധുനിക വൈദ്യശാസ്ത്രത്തിന് യോജിച്ചതല്ലെന്ന് ഐ.എം.എ അഭിപ്രായപ്പെടുന്നു. ഹിപ്പോക്രാറ്റസ് പ്രതിജ്ഞ കാലാനുസൃതമായി പരിഷ്‌കരിച്ചതാണ്. 2017ലെ പതിപ്പാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ചരക പ്രതിജ്ഞ ആധുനിക വൈദ്യശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ രൂപം നല്‍കിയതല്ലെന്നും പ്രസ്താവനയില്‍ ഐ.എം.എ പറയുന്നു.
സ്ത്രീ രോഗികളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് വിഘാതമുണ്ടാക്കുന്നതും അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുന്നതും ശാസ്ത്രീയതയ്ക്ക് അനുയോജ്യമല്ലാത്തതുമായ പല കാര്യങ്ങളും ചരക പ്രതിജ്ഞയില്‍ ഉള്‍പ്പെടുന്നുവെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.
ഈ പ്രതിജ്ഞ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ആഗോള കൂട്ടായ്മയില്‍ നിന്ന് നമ്മെ ഒറ്റപ്പെടുത്തുന്നതിനും ആധുനിക ചികിത്സാ മേഖലയെ തന്നെ പിന്നോട്ടടിക്കുന്നതിനും ഇടയാക്കുമെന്ന് ഭയപ്പെടുന്നതായും പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. തെറ്റായ നിലപാടുകള്‍ തിരുത്താന്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളുണ്ടാകണമെന്നും ഡോക്ടര്‍മാരുടെ സംഘടനയുടെ കേരള ഘടകം ആവശ്യപ്പെട്ടു.
Content Highlights: ima against charaka oath for doctors
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..