കൊച്ചി: വീട്ടിൽ ചാരായം വാറ്റി വിറ്റതിന് സിനിമാ-സീരിയൽ പ്രവർത്തകൻ പിടിയിൽ. മലയാളത്തിലെ ഒരു പ്രമുഖ സീരിയലിന്റെ സഹസംവിധായകനായിരുന്ന പെരുമ്പാവൂർ ഒക്കൽ സ്വദേശി വട്ടപ്പാറ മണിയാണ് എക്​സൈസ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്ന് 250 ലിറ്റർ വാഷും ഒരു ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി.

ഒക്കലി​ലെ വീട്ടിൽ ചാരായം വിൽക്കുന്നെന്ന രഹസ്യവിവരത്തെ തുടർന്ന് കുന്നത്തുനാട് എക്​സൈസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഹാരിഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. സഹസംവിധായകനായിരുന്ന കാലത്ത് ഒരുപാട് കടമുണ്ടായെന്നും ഇത് വീട്ടാനാണ് ചാരായം വാറ്റിയെന്നതുമാണ് ഇയാൾ പറയുന്നത്. 

സിനിമാപ്രവർത്തകർക്കിടയിലാണ് ചാരായം വിറ്റിരുന്നതെന്ന് ഇയാൾ മൊഴി നൽകിയതായി എക്​സൈസ് സിഐ ഹാരിഷ് പറഞ്ഞു. ഇതുസംബന്ധിച്ച് കൂടുതൽ അ‌ന്വേഷണം നടത്തി വരികയാണെന്നും പ്രതിയെ ഇന്നുതന്നെ കോടതിയിൽ ഹാജരാക്കുമെന്നും അ‌ദ്ദേഹം കൂട്ടിച്ചേർത്തു.