പ്രതീകാത്മക ചിത്രം | Photo: AFP
പാറശ്ശാല: അതിർത്തി പ്രദേശത്ത് റേഷൻ അരിക്കടത്ത് സംഘങ്ങൾ തമ്മിൽ സംഘർഷം പതിവാകുന്നു. വെള്ളിയാഴ്ച രാത്രി പത്തരയോടെ നെടുവാൻവിളയിൽ തമിഴ്‌നാട്ടിൽനിന്ന് റേഷനരിയുമായി എത്തിയ വാഹനത്തെ തടഞ്ഞ് ഡ്രൈവറെ മർദിച്ചശേഷം വാഹനവുമായി കടന്നതായി പാറശ്ശാല പോലീസിൽ പരാതിനൽകി. നെടുവാൻവിള, ഇഞ്ചിവിള, കൊറ്റാമം പുതുക്കുളം മേഖലകളിലെ ഗോഡൗണുകളിലേക്ക് തമിഴ്‌നാട് റേഷനരിയുമായി എത്തുന്ന വാഹനങ്ങളാണ് തട്ടിക്കൊണ്ട് പോകുന്നത്.
തമിഴ്‌നാട്ടിലെ വീടുകളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് ഇവർ ശേഖരിക്കും. അരി രാത്രികാലത്ത് കടത്തും. ഒരു കിലോയ്ക്ക് അഞ്ചുരൂപ നൽകി ശേഖരിക്കുന്ന അരി അതിർത്തി കടത്തി ഗോഡൗണുകളിലെത്തിച്ചാൽ 22 രൂപ ലഭിക്കും ഇത്തരത്തിലെത്തുന്ന അരി നിറംചേർത്ത് ബ്രാൻഡഡ് അരിയായി വിപണിയിലെത്തുമ്പോൾ കിലോക്ക് 40 രൂപയോളമാകും. ഇത്തരത്തിൽ തമിഴ്‌നാട്ടിൽനിന്ന് അരി കടത്തിക്കൊണ്ട് വരുന്ന സംഘത്തെ തടഞ്ഞുനിർത്തി വാഹനമടക്കം കൊള്ളയടിക്കുന്ന മറ്റൊരു സംഘവും അതിർത്തി പ്രദേശത്ത് പ്രവർത്തിക്കുന്നു. രാത്രികാലത്ത് അതിർത്തികടന്ന് എത്തുന്ന വാഹനങ്ങളെ പിന്തുടർന്നെത്തി ആളൊഴിഞ്ഞ പ്രദേശത്തുവെച്ച് വാഹനം തടഞ്ഞ് ഡ്രൈവറെയടക്കം ആക്രമിച്ച് അരിയും വാഹനവുമായി കടന്നുകളയുന്ന രീതിയാണ് ഈ സംഘം നടത്തിവരുന്നത്. ഇത്തരത്തിൽ രണ്ട് സംഘങ്ങളും തമ്മിലുള്ള സംഘർഷം രാത്രികാലത്ത് അതിർത്തിപ്രദേശത്ത് പതിവാകുന്നുണ്ട്.
നെടുവാൻവിള, കൊടവിളാകം, നടുത്തോട്ടം, മുണ്ടപ്ലാവിള, വന്യക്കോട് മേഖലകളിൽവെച്ചാണ് ഇത്തരത്തിൽ അരിയുമായി എത്തുന്ന സംഘങ്ങളും തട്ടിപ്പറിക്കുന്ന സംഘങ്ങളും തമ്മിൽ സംഘർഷങ്ങൾ പതിവായി നടക്കുന്നത്. തട്ടിയെടുത്ത വാഹനത്തിലെ അരി ഏതെങ്കിലും ഗോഡൗണുകളിൽ വിൽപ്പന നടത്തിയശേഷം വാഹനത്തെ റോഡരികിൽ ഉപേക്ഷിക്കുകയാണ് പതിവ്. തമിഴ്‌നാട്ടിൽനിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവരുന്ന റേഷനരിയായതിനാൽ ആരും തന്നെ പോലീസിൽ പരാതി നൽകാറില്ല. എന്നാൽ ഇപ്പോൾ ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷം പതിവായതോടെ വാഹനം തടഞ്ഞുനിർത്തി തട്ടിക്കൊണ്ട് പോയതായി ആരോപിച്ച് ചിലർ പോലീസിൽ പരാതി നൽകുന്നുണ്ട്. ഇക്കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ അതിർത്തി പ്രദേശത്തുണ്ടായ ഇത്തരത്തിലുള്ള നാല് സംഭവങ്ങളിൽ പോലീസിൽ പരാതിയുമായി എത്തിയിട്ടുള്ളത് ഒരു സംഘം മാത്രമാണ്. ഇത്തരത്തിൽ അതിർത്തി കടത്തിക്കൊണ്ടുവന്ന റേഷനരിയുടെ വലിയ ശേഖരം ഇക്കഴിഞ്ഞ ആഴ്ച സിവിൽ സപ്ലൈസ് അധികൃതർ പിടികൂടിയിരുന്നു.
Content Highlights: illegal rice smuggling to kerala from tamil nadu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..