എറണാകുളം: സർക്കാർ ഭൂമിയിലെ അനധികൃത കൈയേറ്റങ്ങൾഒഴിപ്പിക്കുന്നതിന്റെ ഭാഗമായി വാരപ്പെട്ടിയിലെ കൈയ്യേറ്റഭൂമി ജില്ലാ ഭരണകൂടം ഏറ്റെടുത്തു. കോതമംഗലം താലൂക്കിൽ വാരപ്പെട്ടി വില്ലേജിൽ 2.21 ഏക്കർ സർക്കാർ പുറമ്പോക്ക് ഭൂമിയാണ് സർക്കാർ ഏറ്റെടുത്ത് ബോർഡ് സ്ഥാപിച്ചത്. ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് കൈയേറ്റ ഭൂമി ഏറ്റെടുത്തത്.

വർഷങ്ങളായി തുടർന്നുകൊണ്ടിരുന്ന കൈയേറ്റമാണ് ഒഴിപ്പിച്ചത്. ഇത് സംബന്ധിച്ച് കേസ് ഉണ്ടായിരുന്നു. ജില്ലയിലെ പലഭാഗത്തും ഇത്തരത്തിൽ സർക്കാർ ഭൂമി കൈയേറിയിട്ടുണ്ട്. നിയമ തടസങ്ങൾ ഒഴിവായ എല്ലാ സർക്കാർ ഭൂമികളും ഏറ്റെടുത്ത് വിവിധ സർക്കാർ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തും. കൂടാതെ വർഷങ്ങളായി ലീസ് പുതുക്കാത്ത ഭൂമികളും ഏറ്റെടുക്കുമെന്നും ജില്ലാ കളക്ടർ ജാഫർ മാലിക് പറഞ്ഞു.

ജില്ലയിലെ വിവിധ സർക്കാർ ഭൂമി തിരികെ പിടിക്കുന്നതിനായി താലൂക്ക് അടിസ്ഥാനത്തിൽ കർമ പദ്ധതിക്ക് രൂപം നൽകുമെന്ന് ജില്ലാ കളക്ടർ ജാഫർ മലിക്ക് പറഞ്ഞു. പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ടാണ് ഭൂമി ഏറ്റെടുത്തത്.

Content Highlights:Illegal encroachment government has acquired 2.21 acres of land in varappetti