പി.എസ്.ശ്രീകല |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: സാക്ഷരതാ മിഷനില്‍ ഓഫീസ് അറ്റന്‍ഡറെ പി എ ആക്കി ചട്ടലംഘനം. സാക്ഷരത മിഷനില്‍ ഓഫീസ് അറ്റന്‍ഡന്റ് കം കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആയ എസ് ആര് രാജേഷ് എന്ന ജീവനക്കാരനാണ് ഇത്തരത്തില്‍ നിയമനം നല്‍കിയത്.
ഓഫീസ് അറ്റന്‍ഡന്റ് കം കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആയ എസ് ആര് രാജേഷിനു പി എ തസ്തികയുടെ ചുമതല നല്കാന് കഴിയില്ലെന്ന് 2018-ല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. പി എ തസ്തിക ഉണ്ടെന്ന് സാക്ഷരത മിഷന് അറിയിച്ചു കത്ത് നല്കിയാല് മാത്രമേ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ഇത്തരമൊരു ഉത്തരവ് ഇറങ്ങൂ. ഈ ഉത്തരവ് മറികടന്നാണ് ഓഫീസ് അറ്റെന്‍ഡറെ പി എ ടു ഡയറക്ടര്‍ ആക്കിയത്.
ഓഫീസ് അറ്റന്‍ഡന്റ് കം കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ എന്ന താത്കാലിക തസ്തികയില്‍ പ്രവര്‍ത്തിക്കുന്ന ആളെയാണ് പി എ ടു ഡയറക്ടര്‍ ആക്കിയത്. എന്നാല്‍ സാക്ഷരത മിഷനില്‍ പി എ തസ്തിക സൃഷ്ടിച്ചിട്ടില്ലെന്നാണ് മന്ത്രി ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞത്. ഇതാണ് ശ്രീകലയ്ക്ക് കുടുക്കാകുന്നത്. പി എ ടു ഡയറക്ടര്‍ എന്ന തസ്തിക സാക്ഷരത മിഷന് തന്നെ പുറത്തിറക്കിയ ഉത്തരവുകളില്‍ രേഖപ്പെ ടുത്തിയിട്ടുള്ള സാഹചര്യത്തില്‍ അനധികൃത നിയമനത്തില്‍ ഡയറക്ടര്‍ വെട്ടിലാകും.
സാക്ഷരത മിഷനില്‍ ഡയറക്ടര്‍ക്ക് പി എ തസ്തിക സൃഷ്ടിച്ചിട്ടില്ലെന്ന് നിയമ സഭയില്‍ റോജി എം ജോണിന് മന്ത്രി വി. ശിവന്‍കുട്ടി രേഖാമൂലം നല്കിയ മറുപടിയില്‍ പറയുന്നു.
പി എസ് ശ്രീകല ഡയറക്ടര്‍ ആയി ചുമതലയേറ്റതിന് മുമ്പും അതിനു ശേഷവും സാക്ഷരത മിഷനില്‍ എത്ര തസ്തികകള്‍ ഉണ്ടെന്ന ചോദ്യങ്ങള്‍ക്ക് 2021 ഫെബ്രുവരി 17 ന് ലഭിച്ച മറുപടിയില്‍ പി എ ടു ഡയറക്ടര്‍ തസ്തിക ഇല്ലെന്ന് വ്യക്തമാക്കുന്നു.
സാക്ഷരത മിഷനില്‍ ഓഫീസ് അറ്റന്‍ഡന്റ് കം കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആയ എസ് ആര് രാജേഷ് എന്ന ജീവനക്കാരന് പി എ തസ്തികയുടെ ചുമതല നല്‍കുന്നതിനും പ്രതിമാസം 5000 രൂപ അലവന്‍സ് നല്‍കുന്നതിനും അനുമതി നല്കാന് നിര്‍വാഹമില്ലെന്ന് സാക്ഷരത മിഷന് നല്കിയ കത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി 2018 ജനുവരി ആറിന് ഇറക്കിയ ഉത്തരവില്‍ പറയുന്നു.
സാക്ഷരതാ മിഷനില്‍ ഇല്ലാതിരുന്ന പി എ തസ്തിക പുതിയതായി സൃഷ്ടിച്ചത് കൊണ്ടാണ് ആ തസ്തികയില്‍ ചുമതല നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ കത്ത് നല്‍കുന്നതും മറ്റും ഉണ്ടായത്. വിദ്യാഭ്യാസ വകുപ്പിനെ കബളിപ്പിച്ചാണ് സാക്ഷരത മിഷനില്‍ അനധികൃത പി എ തസ്തിക സൃഷ്ടിച്ചതെന്ന് 2018ലെ ഉത്തരവില്‍ നിന്ന് വ്യക്തമാകുന്നത്.
അതേ സമയം സാക്ഷരതാ മിഷന് നടത്തിയ ചട്ടലംഘനം സര്‍ക്കാര്‍ റദ്ദാക്കിയിട്ടുമില്ല. മതിയായ യോഗ്യത ഇല്ലാത്ത ആള്‍ക്ക് പി എ യുടെ അധിക ചുമതല അനുവദിച്ചത് റദ്ധാക്കിക്കൊണ്ട് 2018-ല്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നോ എന്ന റോജി എം ജോണിന്റെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കാത്തത് ഇതിലേക്ക് വിരല്‍ ചൂണ്ടുന്നു.
സാക്ഷരത മിഷന്റെ ഔദ്യോഗിക രേഖകളില്‍ പി എ ടു ഡയറക്ടര്‍ രേഖപ്പെടുത്തിയിട്ടുള്ള സാഹചര്യത്തില്‍ പി എ തസ്തിക സൃഷ്ടിച്ചു വെന്നത് വ്യക്തമാണ്. എന്നാല്‍ മന്ത്രി നിയമസഭയില്‍ അറിയിച്ചിരിക്കുന്നത് പി എ തസ്തിക സൃഷ്ട്ടിച്ചിട്ടില്ല എന്നാണ്. ഇതില്‍ നിന്നും മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നാണ് ആക്ഷേപം.
പി.എ തസ്തിക ഉണ്ടെന്നുള്ള വാദം അടിസ്ഥാന രഹിതം- പി.എസ് ശ്രീകല
പി.എ തസ്തിക ഉണ്ടെന്നുള്ള വാദം തികച്ചും അടിസ്ഥാന രഹിതമാണെന്ന് സാക്ഷരതാ മിഷന് ഡയറക്ടര്‍ പി.എസ് ശ്രീകല മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. ഗസറ്റഡ് ഓഫീസര്‍ തസ്തികയാണ് ഡയറക്ടറുടെ പിഎ. അതൊരുപാട് സാമ്പത്തിക ചെലവ് വരുമെന്നതിനാല്‍ അതുവേണ്ട എന്നാണ് മിഷന്റെ തീരുമാനം. ആവശ്യമെങ്കില്‍ സര്‍ക്കാരിലേക്ക് എഴുതാനാവശ്യപ്പെട്ട് കത്ത് വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് നല്‍കിയിരുന്നു.
മന്ത്രി നിയമസഭയില്‍ പറഞ്ഞതാണ് യാഥാര്‍ഥ്യം. സാക്ഷരതാ മിഷനില്‍ പിഎ തസ്തിക ഇല്ല. നിയമസഭയില്‍ കള്ളം പറയാന്‍ സാധിക്കില്ലല്ലോയെന്നും അവര്‍ പറഞ്ഞു.
മൂന്നുമാസം 5000 രൂപ അലവന്‍സ് നല്‍കിയിരുന്നു. അത് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനപ്രകാരമായിരുന്നു. 2016 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളിലായിരുന്നു അത്. പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള കത്ത് വന്നതിന് ശേഷം മൂന്നുമാസം കഴിഞ്ഞ് ഒരുരൂപപോലും അയാള്‍ക്ക് അലവന്‍സോ ആനുകൂല്യമോ നല്‍കിയിട്ടില്ല. പിഎ എന്നൊരു തസ്തികയുമില്ല.
ഓഫീല് അറ്റന്‍ഡര്‍ എന്ന തസ്തികയില്‍ തന്നെയാണ് ഇപ്പോഴും അയാള്‍ ജോലി ചെയ്യുന്നത്. പക്ഷെ പി.എയുടെ ചുമതലകൂടി നല്‍കിയിട്ടുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ ആനുകൂല്യങ്ങളോ പണമോ നല്‍കുന്നില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..