-
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് ചട്ടവിരുദ്ധമായി നിയമനം നല്‍കാന്‍ നീക്കംനടക്കുന്നതായി ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സമരം. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രവീന്ദ്രനാഥിന്റെ വീടിനു മുന്നിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ ഉപരോധ സമരം. മതിയായ യോഗ്യത ഇല്ലാതിരുന്നിട്ടും പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാന്‍ നീക്കം നടക്കുന്നെന്നാണ് ആരോപണം.
കണ്ണൂര്‍ സര്‍വകലാശാല മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ ഇന്നാണ് നടക്കുന്നത്. പ്രാഥമിക റാങ്ക് ലിസ്റ്റില്‍ രണ്ടാമതായാണ് പ്രിയവര്‍ഗീസിനെ ഷോര്‍ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അസോസിയേറ്റ് പ്രൊഫസര്‍ ആകുന്നതിന് എട്ട് വര്‍ഷത്തെ അധ്യാപന പരിചയം ആവശ്യമാണ്. എന്നാല്‍ പ്രിയാ വര്‍ഗീസിന് നാല് വര്‍ഷത്തെ അധ്യാപന പരിചയം മാത്രമാണുള്ളതെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ഫോറം ആരോപിക്കുന്നത്.
അധ്യാപികയായിരിക്കേ ഫാക്കല്‍റ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഗവേഷണം പൂര്‍ത്തീകരിച്ച കാലയളവും കണ്ണൂര്‍ സര്‍വകലാശാലയില്‍ സര്‍ക്കാര്‍ അനുവദിച്ച ഡെപ്യൂട്ടേഷന്‍ കാലയളവും അധ്യാപന കാലയളവായി പരിഗണിക്കാനാവില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഉപരോധ സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ് ഉള്‍പ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സമരം തുടരുമെന്നും യൂത്ത് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.
Content Highlights: Illegal appointment at Kannur University; Youth Congress protest in front of VC's house
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..