പാണത്തൂര്‍(കാഞ്ഞങ്ങാട്):''തയ്യലില്‍നിന്നുകിട്ടുന്ന തുച്ഛമായ പണംകൊണ്ട് അച്ഛന്‍ ഞങ്ങളെ പോറ്റിവളര്‍ത്തി. കണ്ണീരിന്റെയും കഷ്ടപ്പാടിന്റെയും നാളുകളെക്കുറിച്ച് ഓര്‍ക്കുന്നത് ഉണരാനും ഉയരാനുമുള്ള ഊര്‍ജമാണ്. ഇന്ന് ഐ.ഐ.എമ്മില്‍ അസി. പ്രൊഫസറായി ജോലി കിട്ടി.

മണ്‍കട്ട വീട്ടില്‍നിന്നു റാഞ്ചിയിലെ ഐ.ഐ.എമ്മിലേക്കുള്ള ദൂരത്തിന് ഒരു കുടുംബത്തിന്റെ നെടുവീര്‍പ്പിന്റെ കഥയുണ്ട്...''- പാണത്തൂര്‍ കേളപ്പന്‍കയം സ്വദേശി 28-കാരന്‍ ആര്‍. രഞ്ജിത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പാണിത്.

പാണത്തൂര്‍ ഗവ. യു.പി.സ്‌കൂളില്‍ പ്രാഥമിക പഠനം. കാസര്‍കോട് മോഡല്‍ െറസിഡന്‍ഷ്യല്‍ സ്‌കൂളില്‍ തുടര്‍പഠനം. ബളാല്‍ ഗവ. സ്‌കൂളില്‍ കൊമേഴ്‌സില്‍ ഹയര്‍സെക്കന്‍ഡറിയും. ആദ്യം കിട്ടിയ ജോലി പാണത്തൂര്‍ ടെലിഫോണ്‍ എക്സ്‌ചേഞ്ചില്‍ രാത്രികാല സെക്യൂരിറ്റിയുടെ താത്കാലികക്കാരന്റേത്. ജോലി ചെയ്തുകൊണ്ടുതന്നെ ബിരുദത്തിനു ചേര്‍ന്നു.

രാജപുരം സെയ്ന്റ് പയസ് ടെന്‍ത് കോളേജില്‍നിന്ന് കൊമേഴ്സില്‍ ബിരുദം സ്വന്തമാക്കി. കേന്ദ്ര സര്‍വകലാശാലയില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ പി.ജി.യെടുത്തു. പിന്നെ സാമ്പത്തികശാസ്ത്രത്തില്‍ പിഎച്ച്.ഡി. ചെന്നൈ ഐ.ഐ.ടി.യില്‍നിന്ന്.പിഎച്ച്.ഡി കഴിഞ്ഞപ്പോള്‍ ബെംഗളൂരു ക്രൈസ്റ്റ് സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി കിട്ടി. അവിടെനിന്നാണ് റാഞ്ചി ഐ.ഐ.എമ്മില്‍ പ്രവേശനം കിട്ടിയത്. അടുത്തമാസം ജോലിക്കു ചേരും -രഞ്ജിത് പറഞ്ഞു.

കാലിക്കറ്റ് സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ അസി. പ്രൊഫസര്‍ തസ്തികയിലേക്കു നാലാം റാങ്കുകാരനായിരുന്നു താനെന്ന് രഞ്ജിത്ത് പറയുന്നു.

ജനുവരിയിലായിരുന്നു അഭിമുഖം. നാല് ഒഴിവുണ്ടായിരുന്നു. മൂന്നുപേര്‍ക്ക് ജോലിനല്‍കി. ഇതുതന്നെ ആദ്യ മൂന്നു റാങ്കില്‍ ഉള്‍പ്പെട്ടവര്‍ക്കായിരുന്നില്ല. സര്‍വകലാശാലയ്ക്കു കത്തെഴുതിയെങ്കിലും ഇതുവരെ മറുപടി കിട്ടിയിട്ടില്ലെന്നും രഞ്ജിത്ത് പറഞ്ഞു.

കേളപ്പന്‍കയത്തിലെ എ. രാമചന്ദ്രന്റെയും പി.വി. ബേബിയുടെയും മകനാണ് രഞ്ജിത്. രഞ്ജിത, രാഹുല്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Content Highlight: IIM assistant professor Renjith Inspiration story