സന്നിധാനം:  ശബരിമലയില്‍ പോലീസ് ഭക്തര്‍ക്കെതിരാണെന്ന പ്രചാരണത്തെ മറികടക്കാന്‍ ജനസമ്പര്‍ക്ക് പരിപാടികളുമായി പോലീസ്. ഇതിന്റെ ഭാഗമായി ഐജി വിജയ്‌സാക്കറയുടെ നേതൃത്വത്തിലുള്ള ഉന്നതല പോലീസ് സംഘം പോലീസിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ജനങ്ങളോട് നേരിട്ടു ചോദിച്ചറിഞ്ഞു.

സന്നിധാനത്തിന്റെ സുരക്ഷാചുമതലയുള്ള ഐജി വിജയ്‌സാക്കറെ അടിയന്തര ഘട്ടങ്ങളില്‍ മാത്രമാണ് പുറത്തിറങ്ങി കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.  ശബരിമലയിലെ സുരക്ഷാക്രമീകരണങ്ങളില്‍ സ്‌പെഷ്യല്‍ കമ്മീഷണറുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഐജിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും അയ്യപ്പന്‍മാരിലേക്ക് ഇറങ്ങിച്ചെന്നത്.  

ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവരും നടപ്പന്തലില്‍ വിശ്രമിക്കുന്നവരുമായ അയ്യപ്പന്‍മാരുടെ അടുത്തെത്തിയും ഐജി കാര്യങ്ങള്‍ തിരക്കി. വിജയ്‌സാക്കറെ അയ്യപ്പ ഭക്തന്‍മാരുടെ തോളില്‍ തട്ടി എന്താ വിശേഷം, സുഖമാണോ എന്ന് ചോദിക്കുന്നതിനും ശബരിമല സാക്ഷിയായി. 

പോലീസ് സംവിധാനങ്ങളില്‍ എന്തെങ്കിലും പരാതിയുണ്ടോയെന്നായിരുന്നു അയ്യപ്പന്‍മാരോടുള്ള ഐജിയുടെ പ്രധാന ചോദ്യം. പരാതികളൊന്നുമില്ലെന്നും ഇത്തവണ സുഖദര്‍ശനം ലഭിച്ചുവെന്നും അയ്യപ്പന്‍മാര്‍ ഐജിയോട് പറഞ്ഞു. എങ്കില്‍ നിങ്ങളുടെ നാട്ടിലെത്തി ഇതൊക്കെ പറയണമെന്ന് അയ്യപ്പന്‍മാരെ പ്രത്യേകം ഓര്‍മ്മപ്പെടുത്താനും ഐജി മറന്നില്ല. എല്ലാവരോടും ശബരിമലയിലേക്ക് എത്തണമെന്ന് പറയാനും പോലീസ് ഉദ്യോഗസ്ഥര്‍ ഭക്തരോട് ആവശ്യപ്പെട്ടു. കുട്ടികളുടെ തോളില്‍ കയ്യിട്ട് അയ്യപ്പന്‍മാരോടൊപ്പം പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ സെല്‍ഫിയെടുക്കുന്ന ദൃശ്യങ്ങള്‍ക്കും സന്നിധാനം  സാക്ഷിയായി. 

Content Highlight: IG vijay sakhare visit sabarimala and interact devotees