തിരുവനന്തപുരം: യുഡിഎഫ് ഉണ്ടാക്കിയ ധാരണ അംഗീകരിക്കുകയാണെങ്കില്‍ ജോസ് കെ. മാണി വിഭാഗത്തിന് തിരിച്ചുവരാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നണി നേതൃത്വത്തിന്റെ തീരുമാനം നടപ്പാക്കുകയാണ് ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫില്‍നിന്ന് പുറത്താക്കിയെന്ന വാര്‍ത്ത ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം അംഗീകരിച്ചാല്‍ കേരള കോണ്‍ഗ്രസ് (എം) ജോസ് കെ മാണി വിഭാഗത്തിന് യുഡിഎഫിന്റെ യോഗങ്ങളില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കേണ്ടത് ഘടകക്ഷികളുടെ ഉത്തരവാദിത്തമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഭിന്നത അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസിനെ യോജിപ്പിക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. യോജിക്കില്ല എന്ന നിലവന്നപ്പോള്‍ രണ്ടു പാര്‍ട്ടികളായി പരിഗണിക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച വിഷയത്തില്‍ ഉണ്ടാക്കിയ ധാരണ ഇരുവിഭാഗങ്ങളെയും അറിയിച്ചിരുന്നു. എട്ടു മാസം ജോസ് കെ മാണി വിഭാഗത്തിനും ആറ് മാസം പി.ജെ ജോസഫ് വിഭാഗത്തിനും നല്‍കാന്‍ യുഡിഎഫ് തീരുമാനിച്ചതാണ്.
എട്ടാമത്തെ മാസം രാജിവെക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ നാലു മാസമായി യുഡിഎഫ് ചര്‍ച്ച നടത്തിവരികയായിരുന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ ജോസ് കെ മാണി വിഭാഗം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ധാരണ ഇല്ലെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. തുടര്‍ന്നാണ് മറ്റുകക്ഷികളുമായി കൂടിയാലോചിച്ച് ജോസ് കെ. മാണി വിഭാഗത്തെ യുഡിഎഫില്‍നിന്ന് മാറ്റി നിർത്താൻ തീരുമാനിച്ചത്- രമേശ് ചെന്നിത്തല പറഞ്ഞു.
Content Highlights: If the UDF decision is accepted, Jose K Mani faction can come back to UDF: Chennithala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..