
വാളയാർ പെൺകുട്ടികളുടെ അമ്മ | ഫോട്ടോ: ഷഹീർ സി.എച്ച്.
പാലക്കാട്: വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ നടപടിയിൽ സന്തോഷമുണ്ടെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. എന്നാൽ സി ബി ഐ അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്നും അന്വേഷണം അട്ടിമറിച്ച മുഴുവൻ ഉദ്യാഗസ്ഥരേയും സർവീസിൽ നിന്ന് പിരിച്ചുവിടുകയാണ് വേണ്ടതെന്നും അവര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു.
മൂത്ത പെൺകുട്ടി മരിച്ച് നാല് വർഷം തികയാനിരിക്കെയാണ് കേസിൽ സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യം കേസ് അന്വേഷിച്ചവരുടെ ഭാഗത്ത് വീഴ്ചപറ്റിയിട്ടുണ്ടെന്നതിന്റെ തെളിവാണ് വൈകിയാണെങ്കിലും ഇപ്പോൾ പ്രഖ്യാപിച്ച സി ബി ഐ അന്വേഷണം. സി ബി ഐ അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ വേണം. ആദ്യഘട്ടത്തിൽ കേസ് അട്ടിമറിച്ച ഡി വൈ എസ് പി സോജൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നും അവർ പറഞ്ഞു.
കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്മാർ രണ്ട് പെൺകുഞ്ഞുങ്ങൾക്കെതിരേയും മോശമായി സംസാരിക്കുന്ന സാഹചര്യംവരെ ഉണ്ടായി. മക്കളുടെ അച്ഛനോട് കുറ്റം ഏറ്റെടുക്കാൻ പോലും ഈ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. സർക്കാർ ഒപ്പമുണ്ട് എന്നാണ് ആദ്യംമുതൽ പറഞ്ഞത്. അത് ശരിയാണെങ്കിൽ കേസ് അട്ടിമറിച്ച ഡി വൈ എസ് പി സോജൻ, എസ് ഐ ചാക്കോ തുടങ്ങി എല്ലാ ഉദ്യോഗസ്ഥരേയും സർവീസിൽ നിന്ന് പിരിച്ചുവിടുകയാണ് വേണ്ടതെന്നും പെൺകുട്ടികളുടെ മാതാവ് പറഞ്ഞു.
അതേസമയം, വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ നടപടി സ്വാഗതാർഹമെന്ന് വാളയാർ സമരസമിതി കൺവീനർ വി എം മാർസൻ പറഞ്ഞു. അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്നും പുനരന്വേഷണം നടത്തുമ്പോൾ കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥർക്കും ശിക്ഷ ഉറപ്പാക്കണമെന്നും സമരസമിതി കൺവീനർ പറഞ്ഞു.
ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയോട് ഉടൻതന്നെ കേസ് സിബിഐക്ക് കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനം കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് കേസ് ഏറ്റെടുക്കണമെന്നുള്ള നിർദേശം സമർപ്പിക്കും.
പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ദൂരൂഹ സാഹചര്യത്തിൽ മരിക്കുകയും ചെയ്ത കേസിൽ പാലക്കാട് പോക്സോ കോടതി പ്രതികളെ വെറുതെ വിടുകയും പിന്നീട് ഈ വിധി ഹൈക്കോടതി റദ്ദാക്കുകയും തുടർന്ന് പുനർവിചാരണ നടത്താൻ ഉത്തരവിടുകയും ചെയ്തിരുന്നു. തുടർന്ന് പെൺകുട്ടിളുടെ അമ്മ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണം വേണമെന്ന് പെൺകുട്ടിയുടെ കുടുംബം ആദ്യ ഘട്ടം മുതൽ തന്നെ ആവശ്യം ഉന്നയിച്ചിരുന്നു.
Content Highlights:If the government with us, the officials who sabotaged the investigation should be dismissed says mother of Walayar girls
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..