അപകടമുണ്ടായ കച്ചിറപ്പാറയിലെ പാറമടയും താത്ക്കാലിക ഷെഡും | Photo: Mathrubhumi
തൊടുപുഴ: തൊടുപുഴയില്‍ സ്വകാര്യ പാറമടയിലെ ജോലിക്ക് ശേഷം സമീപത്തെ താത്കാലിക ഷെഡില്‍ വിശ്രമിക്കുകയായിരുന്ന തൊഴിലാളികള്‍ക്ക് ഇടിമിന്നലേറ്റു. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ മാത്രം ഇടിമിന്നലേല്‍ക്കാതെ രക്ഷപ്പെട്ടു.
ആലക്കോട് കച്ചിറപ്പാറയില്‍ അടുത്തിടെ പ്രവര്‍ത്തനം തുടങ്ങിയ പെരുമ്പാവൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഫൈവ് സ്റ്റാര്‍ ഗ്രാനൈറ്റ്സ് എന്ന പാറമടയില്‍ ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. മൂന്നാര്‍ കള്ളിപ്പാറ സ്വദേശി പ്രകാശ് (18), കൊല്ലം അച്ചന്‍കോവില്‍ സ്വദേശി അഖിലേഷ് (25), എരുമേലി മരുത്തിമൂട്ടില്‍ അശ്വിന്‍ മധു (22), തമിഴ്നാട് കുമാരലിംഗപുരം സ്വദേശികളായ ധര്‍മ്മലിംഗം (31), വിയജ് (31), സൂര്യ (20), ജയന്‍ (55), പൂപ്പാറ സ്വദേശി രാജ (45), മറയൂര്‍ സ്വദേശി മഥനരാജ് (22), പെരുമ്പാവൂര്‍ സ്വദേശികളായ ആശോകന്‍ (50), ജോണ്‍ (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ തൊടുപുഴയിലെ മൂന്ന് സ്വകാര്യ ആശുപത്രികളിലായി ചികിത്സയിലാണ്. ഇതില്‍ ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായ രാജയും മഥനരാജും തീവ്രപരിചരണ വിഭാഗത്തിലാണ്. പ്രകാശിന്റെ നെഞ്ചിലും മുതുകിലും പൊള്ളലേറ്റിട്ടുണ്ട്. ബാക്കിയുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.
പാറമടയില്‍ ശുചീകരണ പ്രവൃത്തികളിലായിരുന്നു തൊഴിലാളികള്‍. ഉച്ചകഴിഞ്ഞ് ശക്തമായ മഴ പെയ്തതോടെ സമീപത്തെ താത്കാലിക ഷെഡില്‍ കയറിയിരുന്നു. തൊഴിലാളികള്‍ക്ക് ഭക്ഷണം കഴിക്കാനും വിശ്രമിക്കുന്നതിനുമായാണ് ഷെഡ് നിര്‍മിച്ചിരുന്നത്. ഷെഡിനുള്ളില്‍ തറയിലും സ്റ്റൂളിലുമായി തൊഴിലാളികള്‍ ഇരിക്കുന്നതിനിടെയാണ് മിന്നലേറ്റത്. മിന്നലിന്റെ ആഘാതത്തില്‍ എല്ലാവും തെറിച്ചുവീണു. പലരും നെഞ്ചിടിച്ചാണ് തറയിലേക്ക് വീണത്.
അപകടസമയം ഷെഡിലുണ്ടായിരുന്ന ലോറി ഡ്രൈവറായ ആലക്കോട് സ്വദേശി ജോബിന്‍ ജോസാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ജോബിനും ഷെഡിന് പുറത്തുണ്ടായിരുന്ന പാറമടയിലെ അക്കൗണ്ടന്റ് പോളും ചേര്‍ന്നാണ് പ്രാഥമിക രക്ഷാപ്രവര്‍ത്തനം നടത്തിയത്. പാറമടയിലുണ്ടായിരുന്ന പരിക്കേറ്റ മൂന്ന് പേരെ ആദ്യം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയിലേക്ക് വരുന്നതിനിടെ ഇവര്‍ ആലക്കോട് ടൗണിലുണ്ടായിരുന്നവരെ വിവരമറിയിച്ചു. നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് തൊടുപുഴയില്‍ നിന്നും ഇടവെട്ടിയില്‍ നിന്നും കൂടുതല്‍ ആംബുലന്‍സുകള്‍ എത്തിയാണ് പരിക്കേറ്റവരെയെല്ലാം ആശുപത്രിയില്‍ എത്തിച്ചത്. വിവരമറിഞ്ഞ് തൊടുപുഴ അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.
Content Highlights: idukki thodupuzha 11 injured over thunder storm in crusher unit


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..