ചെറുതോണി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2396.12 അടിയായി ഉയര്‍ന്നു. മൊത്തം ജലസംഭരണ ശേഷിയുടെ 91.95 ശതമാനാണിത്. ഇന്നലെ രാത്രി 12 മണിയോടെ 2396.04 അടിയാണ് ഉണ്ടായിരുന്നത്. പുലര്‍ച്ച ആറു മണിയായപ്പോള്‍ ഇത് 2396.10 അടിയിലേക്കെത്തി. വൃഷ്ടി പ്രദേശത്ത് മഴയുടെ ശക്തി കുറഞ്ഞതോടെ മുന്‍ദിവസങ്ങളിലേത് പോലെ ജലനിരപ്പില്‍ പെട്ടെന്നുള്ള ഉയര്‍ച്ചയില്ല. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിന് ശേഷം ഒരടി മാത്രമാണ് ഉയര്‍ച്ചയുണ്ടായത്.

അതേ സമയം മഴ ശക്തമാകുകയും നീരൊഴുക്ക് കൂടുകയും ചെയ്താല്‍ ഷട്ടറുകള്‍ തുറക്കേണ്ടിവരുമെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്. 2400 അടിയെത്തുന്നതിന് മുമ്പ് തുറന്നുവിടേണ്ട ആവശ്യമില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 2321.06 അടിയാണ് ഇടുക്കിയില്‍ ജലനിരപ്പ് ഉണ്ടായിരുന്നത്.

ഇതിനിടെ മന്ത്രി എംഎം മണി ഇന്ന് അടുക്കി അണക്കെട്ട് സന്ദര്‍ശിക്കുന്നുണ്ട്. കളക്ട്രേറ്റില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗവും നടക്കും. പരീക്ഷണ തുറക്കല്‍ സംബന്ധിച്ച കാര്യങ്ങള്‍ ഈ യോഗത്തിലായിരിക്കും തീരുമാനിക്കുക. 

ഇതിനിടെ ഇടമലയാറിലും നീരൊഴുക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ 167.15 മീറ്ററാണ് ഇവിടുത്തെ ജലനിപ്പ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് രാവിലെ ഏഴ് മണി ആയപ്പോഴേക്കും 05 മീറ്ററിന്റെ ഉയര്‍ച്ച മാത്രമാണ് ഉണ്ടായിട്ടുള്ളൂ.