ആദ്യം കാലില്‍ അടിച്ചു, പിന്നെ വാക്കത്തികൊണ്ട് തലയില്‍ വെട്ടി; ഇത് പുലിമുരുകനല്ല, പുലി ഗോപാലന്‍


പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഗോപാലൻ, വെട്ടേറ്റ് ചത്ത പുലി

അടിമാലി: ആക്രമിക്കാന്‍ എത്തിയ പുലിയെ, 'പുലിമുരുകന്‍' സിനിമരംഗത്തെ ഓര്‍മിപ്പിക്കുന്ന മല്‍പ്പിടിത്തത്തിലൂടെ ആദിവാസി യുവാവ് വെട്ടിക്കൊന്നു. മാങ്കുളം പഞ്ചായത്തിലെ ചിക്കണംകുടി ആദിവാസിക്കോളനിയിലെ ഗോപാലനാ(42)ണ് പുലിയുടെ തലയ്ക്ക് വാക്കത്തികൊണ്ട് വെട്ടിക്കൊന്നത്. പുലിയുമായുള്ള മല്‍പ്പിടിത്തത്തില്‍ ഗോപാലനും സാരമായി പരിക്കേറ്റു. അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പുലിയെ കൊന്നതോടെ, നാട്ടുകാര്‍ക്കും ആശ്വാസമായി. ഏറെക്കാലമായി പുലിപ്പേടിയിലായിരുന്നു മാങ്കുളം.

ശനിയാഴ്ച രാവിലെ ഏഴിന് ചിക്കണംകുടി ഗവ. സ്‌കൂളിന് സമീപമായിരുന്നു സംഭവം. പുലര്‍ച്ചെ ബന്ധുവിന്റെ കൃഷിയിടത്തില്‍ ജോലിക്ക് പോയതായിരുന്നു ഗോപാലന്‍. സ്‌കൂളിന് സമീപത്ത് എത്തിയപ്പോഴാണ് അവിടെ കൊക്കോയ്ക്ക് ചുവട്ടില്‍ പുലി കിടക്കുന്നത് കണ്ടത്. ഓടാന്‍ ശ്രമിക്കുന്നതിനുമുമ്പ് അത് ഗോപാലന് നേരെ കുതിച്ചുചാടി.

ഗോപാലന്‍ വാക്കത്തിയുടെ മാടുകൊണ്ട് പുലിയുടെ കാലില്‍ അടിച്ചു. പുലിയുടെ കാല്‍ ഒടിഞ്ഞു. എങ്കിലും വീര്യത്തോടെ അക്രമണം തുടര്‍ന്നു. മല്‍പ്പിടിത്തത്തിന് ഇടയില്‍ ഗോപാലന്‍ വാക്കത്തികൊണ്ട് പുലിയുടെ തലയില്‍ വെട്ടി. അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ പുലി തന്നെ കൊന്ന് തിന്നുമായിരുന്നെന്നും ഗോപാലന്‍ വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു.

പുലിയുടെ ആക്രമണത്തില്‍ ഗോപാലന്റെ കൈയ്ക്ക് സാരമായി പരിക്കേറ്റു. എല്ലിനും ക്ഷതമേറ്റു. ആഴത്തില്‍ മാന്തിക്കീറിയിട്ടുമുണ്ട്. ഗോപാലന്‍ സമീപത്തുള്ള ബന്ധുവിനെ വിവരം അറിയിച്ചു. ഇദ്ദേഹവും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. മാങ്കുളം ഡി.എഫ്.ഒ. ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള വനപാലകര്‍ ചിക്കണംകുടിയില്‍ എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

പുലിയുടെ പോസ്റ്റുമോര്‍ട്ടം പിന്നീട്

നാലടി നീളവും 20 കിലോ തൂക്കവുമുള്ള പുലിയാണ് ഗോപാലനെ ആക്രമിച്ചത്. പുലിയുടെ ജഡം മാങ്കുളം ഡിവിഷനില്‍ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ വനംവകുപ്പിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് മാങ്കുളം ഡി.എഫ്.ഒ. കെ.ജയചന്ദ്രന്‍ പറഞ്ഞു. ചത്തത് പുലിതന്നെയാണോ എന്ന് സ്ഥിരീകരിക്കേണ്ടത് ആറ് അംഗ ദേശീയ കടുവ നിര്‍ണയ സമിതിയാണ്. ഇത്തരം സമിതിനിലവില്‍ ഇല്ല.

ഈ സമിതിയെ അടുത്ത ദിവസം ചീഫ് കണ്‍സര്‍വേറ്റര്‍ നിയമിക്കും. പിന്നീട് ഈ സമിതി പുലിയുടെ ജഡം പരിശോധിക്കും. തുടര്‍ന്നാണ് നടപടികള്‍ തീരുമാനിക്കുക. അതിനുശേഷം പോസ്റ്റ്‌മോര്‍ട്ടവും സംസ്‌കാരവും നടക്കുമെന്നും മാങ്കുളം ഡി.എഫ്.ഒ. പറഞ്ഞു.രണ്ടുവര്‍ഷമായി പുലിപ്പേടിയിലാണ് മാങ്കുളം. അന്‍പതോളം വളര്‍ത്തുമൃഗങ്ങളെ പുലി കൊന്നുതിന്നു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ വനം വകുപ്പ് ജൂലായില്‍ വിവിധ ഇടങ്ങളില്‍ ക്യാമറ സ്ഥാപിച്ചു.

കേസെടുക്കില്ലെന്ന് മന്ത്രി

ആത്മരക്ഷാര്‍ഥം പുലിയെ കൊന്നതിനാല്‍ ഗോപാലനെതിരെ കേസ് എടുക്കുന്നില്ലെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.


Content Highlights: Idukki man kills leopard to save own life


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented