പൈനാവ്: മഴക്കെടുതിയുടെ ദുരിതം ഏറ്റവും രൂക്ഷമായി അനുഭവിക്കുന്ന ഇടുക്കി ജില്ല മറ്റ് സ്ഥലങ്ങളില്‍ നിന്ന് ഒറ്റപ്പെടുന്നു. കനത്ത മഴക്ക് പുറമെ ഉരുള്‍പൊട്ടലാണ് ഇടുക്കിയുടെ സ്ഥിതി രൂക്ഷമാക്കിയത്. മറ്റ് പല ജില്ലകളിലും മഴക്ക് നേരിയ കുറവുണ്ടെങ്കിലും ഇടുക്കിയില്‍ ഇപ്പോഴും കനത്ത മഴ പെയ്യുകയാണ്. ജില്ലയില്‍ പലയിടത്തും വൈദ്യുതി നിലച്ചിട്ട് 24 മണിക്കൂര്‍ കഴിഞ്ഞു. ഫോണ്‍ സംവിധാനങ്ങളും പല സ്ഥലത്തും തകരാറിലായിക്കഴിഞ്ഞു.

എല്ലാ പ്രധാന റോഡുകളിലും ഗതാഗതം നിലച്ച അവസ്ഥയാണ്. ഇടുക്കി വനത്തിനുള്ളില്‍ വാഹനങ്ങള്‍ കുടുങ്ങി കിടക്കുകയാണ്. ജില്ലയിലെ വാര്‍ത്താ വിനിമയ സംവിധാനങ്ങളും തകരാറിലാണ്. കട്ടപ്പന, മൂന്നാര്‍, പീരുമേട്, നെടുങ്കണ്ടം, കുമളി എന്നിവിടങ്ങളില്‍ ഫോണ്‍ സംവിധാനം പൂര്‍ണമായും തകര്‍ന്നു. ഇത് ശരിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. വാര്‍ത്താ വിനിമയ സംവിധാനങ്ങളുടെ അഭാവമാണ് രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നത്. 

ഗതാഗതം തടസ്സപ്പെട്ടതിനാല്‍ പോട്രോള്‍ പമ്പുകളില്‍ ഇന്ധനവും ലഭിക്കാത്ത സ്ഥിതിയാണ്. നൂറുകണക്കിന് ആളുകളാണ് പലയിടങ്ങളിലായി കുടുങ്ങി കിടക്കുന്നത്. മൂന്നാറിലാണ് ഏറ്റവും ഗുരുതരമായ സ്ഥിതിയുള്ളത്. മൂന്നാറില്‍ ഇപ്പോഴും നിരവധി വിനോദ സഞ്ചാരികള്‍ കുടുങ്ങി കിടക്കുന്നുണ്ട്. പലയിടങ്ങളിലും ഇപ്പോഴും ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. 

അതേസമയം ഇടുക്കി അണക്കെട്ടില്‍ നിന്ന് കൂടുതല്‍ ജലം ഇന്ന് തുറന്നുവിടില്ല. ജലനിരപ്പ് 2403 അടിയില്‍ എത്തിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ മാറ്റമുണ്ടാവുകയുള്ളു. നിലവില്‍ 2402.35 അടിയാണ് ജലനിരപ്പ്. ജില്ലയില്‍ 24 ആളുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചത്. മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജില്ലയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.