ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടിയിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. നിലവില്‍ മുന്നൊരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും എടുത്തിട്ടുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ഇതിനെ കുറിച്ചൊരു ധാരണയുണ്ടാക്കാന്‍ ട്രയല്‍ റണ്‍ സഹായിക്കും. തുലാവര്‍ഷത്തില്‍ വലിയ തോതില്‍ മഴയുണ്ടായാല്‍ തുറക്കേണ്ടിവരുമെന്നും മണി പറഞ്ഞു. കളക്ട്രേറ്റില്‍ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലവര്‍ഷം ഇനിയും ബാക്കി കിടക്കുന്നു. തുലാവര്‍ഷം വരാനിരിക്കുന്നു. ഇതിന് മുമ്പ് അങ്ങനെയുള്ള ഘട്ടങ്ങളിലാണ് അണക്കെട്ട് തുറന്നിട്ടുള്ളത്. ഇപ്പോള്‍ ട്രയല്‍ റണ്‍ നടത്തി ജനങ്ങളുടെ ആശങ്ക അകറ്റുകയാണ് ലക്ഷ്യം. പിന്നീട് അണക്കെട്ട് തുറന്നിടേണ്ടി വരികയാണെങ്കില്‍ ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരു ധാരണ ലഭിക്കും. 

ജലനിരപ്പ് 2397 ല്‍ എത്തിയാല്‍ മുന്നറിയിപ്പ് നല്‍കും. 2398-ലെത്തുന്നതോടെ ട്രയല്‍ റണ്‍ നടത്തും. കെ.എസ്.ഇ.ബിയുമായും മറ്റ് ഉദ്യോഗസ്ഥരുമായും വിശദമായി ചര്‍ച്ച നടത്തി. നിലവിലെ സാഹചര്യത്തില്‍ അണക്കെട്ട് തുറക്കേണ്ടതില്ല എന്ന് തന്നെയാണ് തീരുമാനമെന്നും  മണി പറഞ്ഞു.

അതേ സമയം കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ഇടുക്കിയിലെ ജലനിരപ്പില്‍ മാറ്റുണ്ടായിട്ടില്ല. 2396.12 എന്ന നിലയില്‍ നില്‍ക്കുകയാണ്. വൃഷ്ടിപ്രദേശത്ത് മഴയും അണക്കെട്ടിലേക്ക് നീരഴൊക്കും ഗണ്യമായി കുറഞ്ഞിട്ടുമുണ്ട്.